സൈബര്‍ ലോകം ഒന്നിച്ചു വോട്ടുചെയ്തപ്പോള്‍ ഒന്നാമനായി മലയാളിപ്പയ്യന് നിയോഗ് ആര്‍ട്ടിക് കീഴടക്കാന്‍ പോകുന്നു;ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ആളായി
കൊച്ചി: സൈബര്‍ ലോകം നിയോഗിനെ ഒന്നിച്ചു പിന്തുണച്ചപ്പോള്‍ ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്സ്ട്രീം എക്സപെഡീഷ്യനിലേക്ക് മലയാളിയായ നിയോഗ് തെരഞ്ഞെടുക്കപ്പെട്ടു. 51,078 വോട്ട് നേടിയാണ് നിയോഗ് ഒന്നാമതെത്തിയത്.120 രാജ്യങ്ങളിലെ ആയിരത്തിലധികം പേരെ മറികടന്നാണ് നിയോഗ് വിജയിയായത്. ആഗോള അടിസ്ഥാനത്തില്‍ നടത്തിയ വോട്ടെടുപ്പിലാണ് നിയോഗ് തെരഞ്ഞെടുക്കപ്പെട്ടത്.
ഫിയേല്‍രാവേന്‍ എന്ന സ്വീഡന് കമ്പനി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന പര്യടങ്ങളില്‍ ഏറ്റവും പ്രയാസമേറിയ മത്സരമാണിത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖല മുറിച്ചു കടക്കുന്നതാണ് കടമ്പ. പന്ത്രണ്ട് ദിവസത്തോളമെടുത്താണ് മത്സരം പൂര്‍ത്തിയാക്കാനാവുക.നോര്‍വെയിലെ നിന്നാരംഭിച്ച് സ്വീഡന് വരെയുള്ള സാഹസിക യാത്ര അടുത്ത ഏപ്രിലിലാണ് ആരംഭിക്കുക.സ്വീഡനിലെ പാല്സ, മഞ്ഞു മൂടിയ ടോണ്‍ നദി തുടങ്ങി ആര്‍ട്ടിക്കിലെ വന്യതയിലൂടെയാണ് യാത്ര. പരിശീലനം ലഭിച്ച 200 ഓളം നായ്ക്കള്‍ വലിക്കുന്ന മഞ്ഞു വണ്ടിയിലാണ് യാത്ര ചെയ്യേണ്ടത്.
പത്ത് കാറ്റഗറിയിലായി രണ്ട് പേര് വീതമാണ് മത്സരരംഗത്ത് ഉള്ളത്. റെസ്റ്റ് ഓഫ് ദ വേള്‍ഡ് എന്ന അവസാന കാറ്റഗറിയിലാണ് നിയോഗ് ഇടം പിടിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് മാത്രം എന്‍ട്രി ലഭിക്കുന്ന മത്സരത്തില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്.സിനിമാ ലോകത്ത് നിന്ന് പലരും നിയോഗിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയിരുന്നു. ദുല്‍ഖര്‍, ടൊവിനോ തോമസ്, ആഷിക് അബു തുടങ്ങി നിരവധി പേരാണ് സ്വന്തം ഫേസ്ബുക്കില്‍ നിയോഗിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഫിയാല്റെയ്വന് പോളാര്‍ എക്സ്പഡീഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് നിയോഗ്. കൊല്ലം പുനലൂര്‍ സ്വദേശിയായ നിയോഗ് ആര്‍ടിക് മേഖല കീഴടക്കാനുള്ള പരിശീലനത്തിലാണിപ്പോള്‍.