ഓഖി ദുരന്തബാധിത പ്രദേശനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി കേരളത്തിലെത്തുന്നു
ന്യൂഡല്‍ഹി:ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ചൊവ്വാഴ്ച യായിരിക്കും പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനമെന്നാണു സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയശേഷമാകും മോദി കേരളത്തിലെത്തുകയെന്നാണ് വിവരം.
പ്രധാനമന്ത്രി ദുരിതബാധിതരെ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാ നേതൃത്വം ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്ശിക്കാനെത്തുന്നത്.കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധി പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലാണ് ദുരന്തബാധിതരെ കണ്ടത്. ഇവിടങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് രാഹുലിനെ സ്വീകരിക്കാനും ആവലാതികള്‍ അറിയിക്കാനുമായി എത്തിയത്. തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ ഓഖി ദുരന്തബാധിതരെയും രാഹുല്‍ സന്ദര്‍ശിച്ചത്.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി മുന്‍പ് സംസ്ഥാനം സന്ദര്‍ശിച്ചത്. ദുരന്തമുണ്ടായതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഇവിടെയെത്തിയ മന്ത്രി, കാണാതായ അവസാന മല്‍സ്യത്തൊഴിലാളിയേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് ഉറപ്പുനല്‍കിയാണ് മടങ്ങിയത്.
അതേസമയം, ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയം.