കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു
ന്യൂഡല്‍ഹി:ഏറെ നാളെത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്ത് രാഹുല്‍ അവരോധിക്കപ്പെട്ടു.രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ 17-ാമത് അധ്യക്ഷനായി രാഹുല്‍ ഒദ്യോഗികമായി ചുമതലയേറ്റു
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കേരളത്തിലേയും വിവിധ സംസ്ഥാനങ്ങളിലേയും മുതിര്‍ന്ന നേതാക്കള്‍, പി.സി.സി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.സ്ഥാനാരോഹണ ചടങ്ങില്‍ കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
രാഹുലിന്റെ സ്ഥാനാരോഹണം പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. രാവിലെ തന്നെ എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ പാട്ടും വാദ്യമേളങ്ങളുമായി ആനന്ദനൃത്തം ചവിട്ടി. പുതിയ ഊര്‍ജത്തോടെ ഇന്ത്യയെ നയിക്കാന്‍ രാഹുലിന് മാത്രമെ കഴിയൂ എന്ന് പ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുല്‍ ഗാന്ധിക്ക് കൈമാറി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാഹുലിന് ആശംസ നേര്‍ന്നുകൊണ്ട് ചടങ്ങില്‍ സംസാരിച്ചു.ഗാന്ധി കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് രാഹുല്‍. നേരത്തെ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരാണ് ഈ സ്ഥാനം വഹിച്ചിട്ടുള്ളത്.
132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ കാലം പദവിയില്‍ ഇരുന്ന അധ്യക്ഷ എന്ന ബഹുമതിയോടെയാണ് സോണിയയുടെ വിടവാങ്ങല്‍.രാഹുല്‍ പദവി ഏറ്റെടുക്കുന്നതോടെ താന്‍ വിരമിക്കുമെന്ന് സോണിയ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോണിയ ഉദ്ദേശിച്ചത് അധ്യക്ഷ പദവിയില്‍ നിന്നുള്ള വിരമിക്കലാണെന്നും സജീവരാഷ്ട്രീയത്തില്‍ നിന്നുള്ള വിരമിക്കലല്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.