കേരളതീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യത എന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിന് പിന്നാലെ കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. 2.5 മുതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. സമുദ്ര വിവരകേന്ദ്രം അറിയിച്ചതാണിത്. അതിനിടെ ഓഖിയില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഓഖിയില്‍ മരിച്ചവരുടെ എണ്ണം 70 ആയി.

കോഴിക്കോട് ബേപ്പൂര്‍ പുറംകടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് സുഭദ്ര എന്ന കപ്പല്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുറംകടലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാവിക സേന തിരിച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.