ഹിമാചലില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം

ഷിംല: ഹിമാചല്‍ പ്രദേശില്‍ മികച്ച ലീഡ് നിലയുമായി ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി അധികാരം പിടിക്കുമെന്ന സൂചനയാണ് ആദ്യ ഫലസൂചനകള്‍ നല്‍കുന്നത്. ആകെയുള്ള 68 സീറ്റുകളില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ ബി.ജെ.പി 42 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 23 ഇടങ്ങളിലും മറ്റുള്ളവര്‍ ഒരിടത്തും മുന്നേറുന്നു.

നിലവില്‍ അധികാരം കൈയ്യാളുന്ന കോണ്‍ഗ്രസിനെതിരായുള്ള ശക്തമായ ഭരണവിരുദ്ധ വികാരം ബി.ജെ.പിയ്ക്കു തുണയായി എന്നുവേണം വിലയിരുത്താന്‍.

ഹിമാചലില്‍ ആകെ 337 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 62 സിറ്റിങ് എം.എല്‍.എ.മാരുമുണ്ട്. ഭരണം നിലനിര്‍ത്താമെന്നു കോണ്‍ഗ്രസ് വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ ബി.ജെ.പിയ്ക്കൊപ്പമായിരുന്നു. 55 വരെ സീറ്റുകള്‍ ബി.ജെ.പി. നേടുമെന്നായിരുന്നു എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍.

നവംബര്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടന്നത്. 50,25,941 വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2012-ലെ തിരഞ്ഞെടുപ്പിനെക്കാള്‍ 0.5 ശതമാനം കൂടുതലാണിത്.