കോടതിയും സദാചാരം വിളമ്പുന്നു ; പരസ്പരം ആശ്ലേഷിച്ച കുട്ടികളെ പുറത്താക്കിയ തിരുവനന്തപുരത്തെ സ്കൂളിന്‍റെ നടപടി ശരിയെന്ന് ഹൈക്കോടതി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മുക്കോലയ്ക്കല്‍ ഉള്ള സെയ്ന്റ് തോമസ് സ്‌കൂളില്‍ ജൂലായിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് കോടതിയും സദാചാര പക്ഷത്ത് നിന്ന് വിധി പ്രസ്താവിച്ചത്. സ്‌കൂളിന്റെ വരാന്തയില്‍വെച്ച് പ്ലസ്വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയും പ്ലസ്ടുവിന് പഠിക്കുന്ന ആണ്‍കുട്ടിയും പരസ്യമായി പരസ്​പരം ആശ്ലേഷിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. സ്‌കൂളില്‍ നടന്ന കലാപരിപാടിയുമായി ബന്ധപ്പെട്ട് പുറമേ നിന്ന് അധ്യാപകരും കുട്ടികളുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു.ഇവരുടെ മുന്‍പിലാണ് സംഭവം നടന്നത് എന്ന് പറയപ്പെടുന്നു. കലാപരിപാടിയിലെ നേട്ടത്തിന്റെപേരില്‍ പരസ്​പരം അഭിനന്ദിച്ചതിന്റെ ഭാഗമായാണ് കുട്ടികള്‍ ഇങ്ങനെ ചെയ്തത് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ സ്‌കൂള്‍ വരാന്തയില്‍വെച്ച് ഇരുവരും ആശ്ലേഷിക്കുന്നതുകണ്ട അധ്യാപിക പരാതിപ്പെട്ടു. തുടര്‍ന്ന് കുട്ടികളെ സ്‌കൂളില്‍നിന്ന് പുറത്താക്കി.

മറ്റ് സ്‌കൂളുകളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍വെച്ചുനടന്ന ഈ സംഭവം വെറുമൊരു അഭിനന്ദനപ്രകടനമായിരുന്നില്ലെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. തുടര്‍ന്ന് പ്രശ്‌നം ബാലാവകാശ സംരക്ഷണകമ്മിഷന് മുന്നിലെത്തി. കുട്ടികളെ പ്രവേശിപ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി മറ്റൊരു സ്‌കൂളില്‍ പ്രവേശനംനേടുകയും ചെയ്തു. ഇതിനിടയില്‍ സംഭവം അന്വേഷിക്കാന്‍ സ്‌കൂളധികൃതര്‍ സ്വന്തം അന്വേഷണകമ്മിഷനെ നിയോഗിക്കുകയും ചെയ്തു. അന്വേഷണകമ്മിഷന്‍ ഇരുവിദ്യാര്‍ഥികളുടെയും അധ്യാപികയുടെയും മറ്റ് വിദ്യാര്‍ഥികളുടെയും അഭിപ്രായങ്ങള്‍ കേട്ടതായും തുടര്‍ന്നാണ് നടപടിയെടുത്തതെന്നും സ്‌കൂളധികൃതര്‍ പറയുന്നു. ബാലവകാശസംരക്ഷണ കമ്മിഷന്റെ ഉത്തരവ് വന്നതോടെയാണ് സ്‌കൂളധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ചാണ് സ്‌കൂളധികൃതര്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.