ഗുജറാത്തില്‍ ആറാം തവണയും അധികാരമുറപ്പിച്ച് ബിജെപി; ഹിമാചലിലും അധികാരത്തിലേക്ക്
ന്യൂഡല്‍ഹി:കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ തുടര്‍ച്ചയായ ആറാം തവണ ഗുജറാത്തിലും അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിമാചല്‍ പ്രദേശിലും ഭരണമുറപ്പിച്ച് ബി.ജെ.പി.ഗുജറാത്തില്‍ വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നാക്കം പോയ ശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബി.ജെ.പി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്.നിലവില്‍ 102 സീറ്റില്‍ ബി.ജെ.പിയും 78 ഇടങ്ങളില്‍ കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്.ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം ബി.ജെ.പി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്. അവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബി.ജെ.പി മുന്‍തൂക്കം നേടിക്കഴിഞ്ഞു. തുടക്കത്തില്‍ മുന്നിലായിരുന്ന ബി.ജെ.പി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്. ഇവിടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് വ്യക്തമായിട്ടുണ്ട്.
ഗുജറാത്തില്‍ ആറാം തവണയും ബി.ജെ.പി
ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ബി.ജെ.പി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുന്നതാണ് പിന്നീട് കണ്ടത്.എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ (115) കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഫലമല്ല ലഭിച്ചത്.ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് രൂപാണി രാജ്‌കോട്ട് വെസ്റ്റില്‍ വിജയിച്ചത് ബി.ജെ.പിക്ക് ആശ്വാസമായി.
ഒരു ഘട്ടത്തില്‍ അപ്രതീക്ഷിത ലീഡ് നേടിയ കോണ്‍ഗ്രസ് പിന്നീട് പിന്നോക്കം പോയെങ്കിലും, രാഷ്ട്രീയപരമായി വന്‍ നേട്ടമാണ് അവര്‍ ഈ തിരഞ്ഞെടുപ്പിലൂടെ കൈവരിച്ചിരിക്കുന്നത്. കടുത്ത മല്‍സരം കാഴ്ചവച്ച കോണ്‍ഗ്രസ് നിലവില്‍ 78 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ ജന്‍ വികല്‍പ് മോര്‍ച്ച ഒരിടത്തും ലീഡ് ചെയ്യുകയാണ്.
ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുന്നത്. ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം. സംസ്ഥാനത്തു നടത്തിയ ഒന്‍പത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കു വിജയം പ്രവചിക്കുന്നു.
ഹിമാചലില്‍ ഭരണം തിരിച്ചുപിടിച്ച് ബിജെപി
കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികളെ മാറിമാറി വരിക്കുന്ന സ്വഭാവം ഹിമാചല്‍ പ്രദേശ് നിലനിര്‍ത്തുമെന്ന് വ്യക്തമായ സൂചന നല്‍കിയാണ് ഇവിടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. നിലവില്‍ ഹിമാചല്‍ ഭരിക്കുന്ന കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആകെയുള്ള 68 സീറ്റുകളില്‍ 42 ഇടത്ത് ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 22 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും നാലിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.