ഗുജറാത്തിലെ തോല്‍വിയിലും തിളങ്ങി കോണ്ഗ്രസും രാഹുല്‍ ഗാന്ധിയും

രാജ്യം ഉറ്റു നോക്കിയ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കിലും ബി ജെ പി നേടിയ വിജയത്തിനെക്കാള്‍ തിളക്കമുള്ളതായി കൊണ്ഗ്രസിന്റെ പരാജയം. പ്രധാനമന്ത്രിയുടെ സംസ്ഥാനം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ കൈവിട്ടില്ലെങ്കിലും 2012 ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര തിളക്കമുള്ളതല്ല ബി.ജെ.പിയുടെ വിജയം എന്ന് പറയാം. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതിനു ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചരിപ്പിച്ചിരുന്ന മോദി ഇഫക്ട് ജോലി ചെയ്തില്ല എന്ന് വേണം കരുതാന്‍. അതുപോലെ ഗുജറാത്തിൽ അട്ടിമറി ജയം നേടുമെന്ന് തോന്നിപ്പിച്ചാണ് ജയത്തിൽ കുറയാത്ത തോൽവി കോൺഗ്രസ് ഏറ്റുവാങ്ങിയത്. 182 നിയമസഭാ സീറ്റുകളിൽ 99 എണ്ണം ബിജെപി നേടിയപ്പോൾ 80 സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കി. സ്വന്തം തട്ടകത്തിൽ ഒട്ടും തിളക്കമില്ലാത്ത ജയമാണ് ബിജെപിയെ സംബന്ധിച്ച് ഇത്. കോൺഗ്രസ്സിനെ സംബന്ധിച്ചാകട്ടെ ജീവശ്വാസവും. പ്രത്യേകിച്ച് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുത്ത പശ്ചാത്തലത്തിൽ, പാർട്ടിക്ക് തീർച്ചയായും ആത്മവിശ്വാസം വർധിപ്പിക്കാം. മോദി നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് ദിവസങ്ങളോളം ചെലവഴിക്കുകയും വലിയ വാഗ്ദാനങ്ങള്‍ നടത്തിയും ജനങ്ങളെ കയ്യിലെടുത്തപ്പോള്‍ 150 സീറ്റ് ആണ് പാര്‍ട്ടിക്ക് ലഭിക്കുമെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കം പ്രതീക്ഷിച്ചത്.

പക്ഷെ ഫലം പുറത്ത് വന്നപ്പോള്‍ ജയിച്ചു കയറാന്‍ കഷ്ട്ടപ്പെടുന്ന പാര്‍ട്ടിയെയാണ് കാണുവാന്‍ കഴിഞ്ഞത്. എന്നിരുന്നാലും ആറാം തവണയും അധികാരം വിട്ടുകൊടുക്കാതെ ബി.ജെ.പി ഗുജറാത്തിനെ പിടിച്ച് നിര്‍ത്തിയെങ്കിലും പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകമായ വട്‌നഗറില്‍ ജനവിധി കോണ്‍ഗ്രസിനൊപ്പമായിരുന്നു. 19000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെയുള്ള ബി.ജെ.പിയുടെ സിറ്റിങ് സ്ഥാനാര്‍ഥിയായ നാരായണ്‍ പട്ടേലിനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ആശാ പട്ടേല്‍ പരാജയപ്പെടുത്തിയത്. വെറും നില മെച്ചപ്പെടുത്താന്‍ മാത്രമായിരുന്നില്ല കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്ത രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം. നിലവിലെ കണക്കനുസരിച്ച് 80 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ടിരിക്കുന്നത്. അതായത് 2012-ലെ 61 സീറ്റ് എന്ന നിലയില്‍ നിന്നും കൂടുതല്‍ നേടിയത് 19 സീറ്റ്. അവസാന ഘട്ടത്തിൽ പൂഴിക്കടകൻ പയറ്റിയിട്ടാണ് നരേന്ദ്രമോദി അങ്കം ജയിച്ചത്. വികസനവും ഗർവീ ഗുജറാത്തും ഉപേക്ഷിച്ച് നീചജാതി, സർദാർ പട്ടേൽ, രാം മന്ദിർ, പാക്കിസ്ഥാൻ, മിയാൻ അഹമ്മദ് പട്ടേൽ മുതലായ നമ്പറുകൾ എടുത്തു വീശുകയും.

കൂടാതെ മെച്ചപ്പെട്ട സംഘടനാ സംവിധാനവും പണത്തിന്റെ ധാരാളിത്തവും അമിത് ഷായുടെ തന്ത്രങ്ങളും മോദിക്കു തുണയായി. മണ്ണിൻ്റെ മകൻ പ്രതിച്ഛായയും മാധ്യമ പിന്തുണയും ഉപകാരപ്പെട്ടു. അഹമ്മദാബാദ് ആർച്ച് ബിഷപ്പിന്റെ ഇടയലേഖനവും മണിശങ്കർ അയ്യരുടെ വാമൊഴി വഴക്കവും ഇല്ലായിരുന്നെങ്കിൽ കോൺഗ്രസിന്റെ നില കുറച്ചു കൂടി മെച്ചമാകുമായിരുന്നു എന്ന് നീരീക്ഷകര്‍ പറയുന്നു. രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെ പുതിയ ഉണര്‍വുണ്ടായ കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ കഴിയുന്നത് തന്നെയാണ് ഗുജറാത്തിലെ ഈ നേട്ടം. അതുപോലെ യുവരക്തങ്ങളായ ജിഗ്നേഷ് മേവാനിയും അല്‍പേഷ് താക്കൂറും ഹാര്‍ദിക് പട്ടേലും നല്‍കിയ മുന്നറിയിപ്പും ഗുജറാത്തില്‍ അത്ര നിസ്സാരമായി മോദിക്കും ബി.ജെ.പിക്കും തള്ളിക്കളയാനാവില്ല. അതിനേക്കാള്‍ ഏറെ കോണ്ഗ്രസിന് ഗുണകരം സമീപകാല രാഷ്ട്രീയത്തിൽ ഏറ്റവും അധികം അപഹസിക്കപ്പെട്ട നേതാക്കളിൽ ഒരാളായ രാഹുൽ ഗാന്ധിയുടെ കൂടി വരുന്ന ജനപിന്തുണയാണ്. സോണിയ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും മകനാണ് എന്ന കാരണത്താൽ മാത്രം നേതൃനിരയിലെത്തിയെന്നും കഴിവില്ലെന്നുമാണ് രാഹുൽ എന്നും നേരിട്ട വിമർശനം. പപ്പുമോനെന്നും അമൂൽ ബേബിയെന്നും രാഹുൽ കളിയാക്കി വിളിക്കപ്പെട്ടു. എന്നാൽ കോൺഗ്രസ്സ് അധ്യക്ഷ പദവിയിലെത്തി നിൽക്കുന്ന രാഹുലിലെ മാറ്റം അത്ഭുതാവഹമാണ്. ഏത് രാഷ്ട്രീയ നേതാവിനോടും കിടപിടിക്കുന്ന നേതാവിലേക്ക് രാഹുൽ ഗാന്ധി വളർന്നിരിക്കുന്നു എന്നാണ് സമീപകാല പ്രസംഗങ്ങളടക്കം തെളിയിക്കുന്നു.