ലൈംഗികാപവാദം കെന്റുക്കി നിയമസഭാംഗം ജീവനൊടുക്കി
പി. പി ചെറിയാന്‍
കെന്റുക്കി: കെന്റുക്കി സംസ്ഥാന നിയമ സഭാ റിപ്പബ്ലിക്കന്‍ പ്രതിനിധി ലൈംഗികാപവാദത്തെ തുടര്‍ന്ന് ജീവനൊടുക്കിയതായി ബുള്ളിറ്റ് കൗണ്ടി കൊറോണര്‍ ഡേവ് വില്യംസ് പറഞ്ഞു. അമ്പത്തേഴുവയസ്സുള്ള ഡാന്‍ ജോണ്‍സണ്‍ കെന്റുക്കി മൗണ്ട് വാഷിങ്ടന്‍ ഗ്രീന്‍വെല്‍ ഫോര്‍ഡ് റോഡിലുള്ള പാലത്തിനു സമീപം കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിനുശേഷം സ്വയം വെടിവച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ തരംഗം ആഞ്ഞുവീശിയപ്പോള്‍ കെന്റുക്കിയില്‍ നിന്നും ജോണ്‍സണ്‍ നിയമ സഭയിലെത്തുകയായിരുന്നു. ഇതോടെ നൂറു വര്‍ഷത്തെ നിയമ സഭാ ചരിത്രത്തില്‍ കെന്റുക്കി പ്രതിനിധിസഭയില്‍ ആദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം കരസ്ഥമാക്കി. റിലിജിയസ് ലിബര്‍ട്ടി, പബ്ലിക്ക് സ്‌കൂളുകളില്‍ ബൈബിള്‍ വായന തുടങ്ങിയ വിഷയങ്ങള്‍ക്കനുകൂലമായി നിരവധി ബില്ലുകള്‍ നിയമ സഭയില്‍ ജോണ്‍സണ്‍ അവതരിപ്പിച്ചിരുന്നു.
അടുത്തിടെ ഒരു യുവതി 2013ല്‍ വീടിന്റെ ബേയ്സ്മെന്റില്‍ വച്ച് ജോണ്‍സണ്‍ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു. 2017 ഡിസംബര്‍ 12ന് ജോണ്‍സന്‍ ചര്‍ച്ചിന്റെ പുള്‍പിറ്റില്‍ നിന്ന്, യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാജിവെക്കുകയില്ലെന്നും പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപകമായി റിപ്പബ്ലിക്കന്‍ കണ്‍സര്‍വേറ്റീവിനെ പരാജയപ്പെടുത്തുന്നതിനുള്ള ഒരു തന്ത്രമാണിതെന്നും ജോണ്‍സന്‍ ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് ചില മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ തന്റെ ഭാര്യയെ നോക്കണമെന്നും ഈ അപമാനം എനിക്ക് താങ്ങാനാവുന്നില്ലെന്നും കുറിച്ചിട്ടിരുന്നു.