ഡ്യൂട്ടി സമയത്ത് ചര്‍ച്ച് സര്‍വീസില്‍ പങ്കെടുത്ത പോലീസുകാരന് സസ്പെന്‍ഷന്‍
പി.പി. ചെറിയാന്‍
പെന്‍സില്‍വാനിയ: ഡ്യൂട്ടി സമയത്ത് ചര്‍ച്ച് സര്‍വീസില്‍ പങ്കെടുത്തതിനു പെന്‍സില്‍വാനിയ പൊലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു.ബ്ലസ്ഡ് വെര്‍ജിന്‍ മേരി കാത്തലിക്ക് ചര്‍ച്ച് സര്‍വ്വീസില്‍ രണ്ടു തവണയാണ് മിഡില്‍ടണ്‍ പട്രോള്‍ ഓഫീസര്‍ മാര്‍ക്ക് ഹൊവന്‍ പങ്കെടുത്തത്.
പത്ത് ദിവസത്തെ സസ്‌പെന്‍ഷനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതു തന്റെ മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് മാര്‍ക്ക് വാദിക്കുന്നത്.20 വര്‍ഷമായി പൊലീസ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കിന് ഇതിനു മുന്‍പ് സര്‍വ്വീസില്‍ പങ്കെടുക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.
ഇപ്പോള്‍ ചുമതലയേറ്റ പൊലീസ് ചീഫ് ജോര്‍ജ്, മാര്‍ക്കിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഡ്യൂട്ടി സമയത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സമയം ഉപയോഗിക്കരുതെന്ന് വിലക്കിയിട്ടുമുണ്ട്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചാര്‍ജ്ജു വഹിച്ചിരുന്ന മുന്‍ മേയര്‍ റോബര്‍ട്ട് റീസ് പൊലീസ് ഓഫീസര്‍ക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ചര്‍ച്ച് സര്‍വീസില്‍ പങ്കെടുക്കുന്നതു ഡ്യൂട്ടിക്ക് തടസ്സമാകില്ലെന്നാണ് മേയറുടെ അഭിപ്രായം. പത്തു ദിവസത്തെ സസ്‌പെന്‍ഷനുശേഷം ജോലിയിലേക്ക് തിരിച്ചുവരാനാകുമെന്നാണ് മാര്‍ക്ക് പ്രതീക്ഷിക്കുന്നത്.