സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാക്കിയ ആര്‍എസ്എസ് നേതാവ് പിടിയില്‍;കണ്ടെടുത്ത ഫോണുകളില്‍ സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ മാത്രം

തിരുവനന്തപുരം: സ്ത്രീകളുടെ നഗ്‌നത മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് സ്ഥിരമാക്കിയ ആര്‍.എസ്.എസ് നേതാവ് പിടിയില്‍.

പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ സ്വദേശി മിഥുന്‍രാജി (28)നെയാണ് പൂജപ്പുര എസ്.ഐ എ.വി സൈജുവും സംഘവും തിരുവനന്തപുരം പാങ്ങോട് നിന്ന് പിടികൂടിയത്. ഇയാളില്‍നിന്നു ലഭിച്ച രണ്ടു മൊബൈല്‍ ഫോണുകളില്‍നിന്ന് നിരവധി സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

കലഞ്ഞൂര്‍ പഞ്ചായത്തില്‍ ആര്‍.എസ്.എസ് മുഖ്യശിക്ഷകായിരുന്ന ഇയാള്‍ കഴിഞ്ഞ കുറെനാളുകളായി തലസ്ഥാന ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.രാത്രികാലങ്ങളില്‍ വീടുകളില്‍ കയറി ഒളിച്ചിരുന്ന് സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ഇയാളുടെ പതിവ്. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എന്‍ജിനിയറാണ് ഇയാള്‍.

ശനിയാഴ്ച രാത്രിയില്‍ നഗ്‌ന ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വീട്ടമ്മ കുളിക്കാന്‍ കയറിയെന്ന് കരുതി വെന്റിലേറ്റര്‍ വഴി മൊബൈല്‍ഫോണിലൂടെ ദൃശ്യം പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു മിഥുന്‍രാജ്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഗൃഹനാഥന്‍ മിഥുന്‍രാജിനെ പിടികൂടാന്‍ ശ്രമിച്ചു.

എന്നാല്‍ പിടിത്തം വിടുവിച്ച മിഥുന്‍രാജ് ഫോണ്‍ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ഫോണ്‍ പൂജപ്പുര പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാടകവീട്ടില്‍നിന്ന് പൊലീസ് ഇയാളെ പിടികൂടിയത്.

മറ്റൊരു ഫോണും ഇയാളില്‍നിന്ന് കണ്ടെടുത്തു. രണ്ടു ഫോണും പരിശോധിച്ചതില്‍ നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ കണ്ടെടുത്തു കോടതിയില്‍ ഹാജരാക്കിയ മിഥുനെ റിമാന്‍ഡ് ചെയ്തു. ഫോണ്‍ വിശദ പരിശോധനയ്ക്ക് സൈബര്‍ വിഭാഗത്തിന് കൈമാറി.