അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിക്കാറുണ്ട് എന്ന് വെളിപ്പെടുത്തി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ; സര്‍ക്കാര്‍ എല്ലാം ഒളിച്ചു വെക്കുന്നു
വാഷിംഗ്‌ടണ്‍ : ശാസ്ത്രം പുരോഗമിച്ച കാലം മുതല്‍ മനുഷ്യന്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് ഈ പ്രപഞ്ചത്തില്‍ നാം തനിച്ചാണോ എന്നതും ഭൂമിയില്‍ അല്ലാതെ എവിടെയെങ്കിലും ജീവന്‍ നിലനില്ക്കുന്നുണ്ടോ എന്നതും. അതിനു വേണ്ടിയുള്ള പഠനങ്ങള്‍ നിരന്തരം തുടര്‍ന്ന് വരികയാണ്. ഹോളിവുഡ് ചിത്രങ്ങളുടെ ഇഷ്ട്ടവിഷയങ്ങള്‍ കൂടിയാണ് ഈ അന്യഗ്രഹജീവികള്‍. നാസ പോലുള്ള ഏജന്‍സികളും ഇവയെ കുറിച്ച് പഠനം നടത്തി വരികയാണ്. എന്നാല്‍ ഇതുവരെ മനുഷ്യന് അന്യഗ്രഹ ജീവികളെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നാണു പൊതുവേയുള്ള വിവരം. എന്നാല്‍ അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ വരാറുണ്ട് എന്നാണ് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനായ ലൂയിസ് എലിസോണ്ടോ പറയുന്നത്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്കെത്തുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നതായും ഇദ്ദേഹം പറയുന്നു. ഈ പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കല്ല എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ലൂയിസ് പറയുന്നു.
പെന്റഗണിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ തനിക്ക് പലതും പറയാന്‍ സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അന്യഗ്രഹത്തില്‍ നിന്നുള്ള വിമാനം ഭൂമി സന്ദര്‍ശിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ലൂയിസ് പറയുന്നു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലൂയിസിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹം പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രാജിവെക്കുന്നത്. പറക്കുംതളിക എന്ന് വിളിക്കുന്ന ഇവ തങ്ങള്‍ നിരവധി തവണ കണ്ടെത്തിയിട്ടുണ്ട് എന്നും അസാധാരണമായ അത്തരം വാഹനങ്ങള്‍ നമുക്കറിയാവുന്ന ചലന നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ലൂയിസ് എലിസോണ്ടോ പറയുന്നു. വിമാന യന്ത്രങ്ങള്‍ പ്രകടമല്ല. അവയുടെ പ്രവര്‍ത്തനം കൃത്യതയോടെയാണ്. നിശ്ചയിക്കപ്പെട്ട രീതിയിലല്ല അവ സഞ്ചരിക്കുന്നത്. അതിനാല്‍ അവയെ നിയന്ത്രിക്കുന്നത് മനുഷ്യനെപ്പോലെയുള്ള ജീവികളാകാമെന്നും ലൂയിസ് പറയുന്നു.