സോളര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം;പത്രക്കുറിപ്പിറക്കിയ നടപടി അനുചിതമെന്ന കോടതി

കൊച്ചി:സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം.കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അനുചിതമായെന്ന് കോടതി നിരീക്ഷിച്ചു.

സോളര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍ നടപടിയും ചോദ്യംചെയ്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.ഈ സംഭവത്തില്‍ വിചാരണയ്ക്ക് മുന്‍പ് എങ്ങനെ നിഗമനങ്ങളില്‍ എത്താനാകുമെന്നും ഹൈക്കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഉച്ചകഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും.

സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നടത്തിയ പ്രതികൂല പരാമര്‍ശങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതിയിലെത്തിയപ്പോള്‍ കേസ് പരിഗണിക്കുന്നതില്‍നിന്നു ജഡ്ജി പിന്മാറിയതിനാല്‍ പുതിയ ബെഞ്ചാണ് ഹര്‍ജി പരിഗണിന്നത്. കേസില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും കക്ഷിചേര്‍ന്നിട്ടുണ്ട്.

റിപ്പോര്‍ട്ട് തള്ളണമെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി

സോളര്‍ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ കമ്മിഷന്‍, സര്‍ക്കാര്‍ ഏല്‍പിച്ച പരിഗണനാവിഷയങ്ങള്‍ മറികടന്നുവെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആക്ഷേപം. പരിഗണനാവിഷയങ്ങള്‍ വിപുലപ്പെടുത്തിയ കമ്മിഷന്‍നടപടി നിയമപരമല്ല. കത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ സ്വേച്ഛാപരവും മൗലികാവകാശ ലംഘനവുമാണ്. തന്റെ പൊതുജീവിതത്തിനു കളങ്കമുണ്ടാക്കുന്ന പരാമര്‍ശമുള്‍പ്പെട്ട കത്തും റിപ്പോര്‍ട്ടും സഭയില്‍ വച്ചതോടെ പൊതുരേഖയുടെ ഭാഗമായി.

തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ കമ്മിഷന്‍ മുന്‍പാകെ സരിത നിഷേധിച്ചിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാന്‍ സി.പി.എം 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലായിരിക്കെ സരിത എഴുതിയതെന്നു പറയപ്പെടുന്ന കത്ത് മാധ്യമപ്രവര്‍ത്തകന്‍ മുഖേനയാണു കമ്മിഷന്‍ മുന്‍പാകെയെത്തിയത്. ഇതെക്കുറിച്ചു വിശദീകരണത്തിനു ഹര്‍ജിക്കാരനു നോട്ടിസ് പോലും നല്‍കാതെ കമ്മിഷന്‍ അതു സ്വീകരിച്ച് രേഖകളിലുള്‍പ്പെടുത്തി.

വ്യാജക്കത്ത് അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് സ്വേച്ഛാപരമാണ്. കത്തിലെ ആരോപണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നീക്കണം.കത്തിന്റെ ഉള്ളടക്കം രാഷ്ട്രീയ, മാധ്യമ ചര്‍ച്ചയ്ക്കും പ്രസിദ്ധീകരണത്തിനും വിഷയമാക്കുന്നതു വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സോളര്‍ ഇടപാടുമായി ബന്ധപ്പെട്ടു കോടികളുടെ തട്ടിപ്പു നടത്തിയെന്ന 33 കേസുകളില്‍ പ്രതിയാണു സരിത. സരിതയ്ക്കു വിശ്വാസ്യതയില്ലെന്നു ഹൈക്കോടതി മുന്‍ഉത്തരവില്‍ പറഞ്ഞിരുന്നു. കോടതിയെ രാഷ്ട്രീയക്കളിക്കു വേദിയാക്കരുതെന്നു പറഞ്ഞിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.