ഇന്ത്യ-ലങ്ക ആദ്യ ടി-20 നാളെ;സമ്പൂര്‍ണ്ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ, മലയാളി താരം ബേസില്‍ തമ്പിക്ക് ഇടം നല്‍കിയേക്കും

കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പര നാളെ കട്ടക്കില്‍ ആരംഭിക്കും. ടെസ്റ്റ്, ഏകദിന പരമ്പര നേടിയ ആത്മവിശ്വാസവുമയിറങ്ങുന്ന ഇന്ത്യ ടി-ട്വന്റി പരമ്പര നേട്ടത്തോടെ സമ്പൂര്‍ണ്ണ വിജയമാണ് ലക്ഷ്യമിടുന്നത്.ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ്മയായിരിക്കും ട്വന്റി 20യിലും ഇന്ത്യയെ നയിക്കുക.

ഇന്ത്യന്‍ ടീമിലിടം കണ്ടെത്തിയ മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പി നാളെ അരങ്ങേറ്റം കുറിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍. ജയദേവ് ഉനാദ്കത്ത്, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലുണ്ട്. അതേസമയം, വെറ്ററന്‍ പേസര്‍ ലസിത് മലിംഗ, സുരംഗ ലക്മല്‍, ലഹിരു തിരിമാനെ എന്നിവര്‍ ഇല്ലാതെയാണ് ലങ്ക ഇന്ത്യയെ നേരിടാനിറങ്ങുന്നത്. വെള്ളിയാഴ്ച ഇന്‍ഡോറിലും ഞായറാഴ്ച മുംബൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.