പ്രധാനമന്ത്രി മോദി പൂന്തുറ സന്ദര്‍ശിച്ചു; മല്‍സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ടു
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. പൂന്തുറയില്‍ മല്‍സ്യത്തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചു. ദുരിത ബാധിതരായ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ പരാതികള്‍ അദ്ദേഹം വിശദമായി കേട്ടു. വിഴിഞ്ഞത്തെയും പൂന്തുറയിലെയും മല്‍സ്യത്തൊഴിലാളികളാണ് മോദിയെ കാണാന്‍ എത്തിയത്.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, വി.എസ്.ശിവകുമാര്‍ എം.എല്‍.എ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. നേരത്തേ, ലക്ഷദ്വീപിലെ ദുരിതബാധിതരെ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി, ഹെലികോപ്റ്റര്‍ മാര്‍ഗം കന്യാകുമാരിയിലേക്കു പോയിരുന്നു. അവിടെനിന്നു മടങ്ങിയെത്തിയ ശേഷമാണ് പൂന്തുറ സന്ദര്‍ശിക്കുന്നത്.
പൂന്തുറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണു ഓഖി ദുരന്തബാധിതരെ മോദി കാണുന്നത്. അതിനു ശേഷം, തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസില്‍ 5.45ന് നടക്കുന്ന അവലോകന യോഗത്തില്‍ സംബന്ധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തിനു ശേഷം ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം ഊഖി ദുരന്തത്തെക്കുറിച്ചുള്ള പ്രത്യേക അവതരണം നടത്തും. ശേഷം ആറരയോടെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും.
കന്യാകുമാരിയിലെത്തിയ മോദി, ഇവിടുത്തെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 4047 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
അതിനിടെ, പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍നിന്നു ദുരന്തനിവാരണ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കിയത് വിവാദമായി. പ്രധാനമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയിലും റവന്യൂമന്ത്രിയില്ല. അതേസമയം, ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും പട്ടികയില്‍ ഇടം നേടി.