ഓഖി ദുരന്തം ; അടിയന്തിര സഹായമായി 325 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : ഓഖി ദുരന്തം നേരിടുന്നതിനായുള്ള അടിയന്തര സഹായമെന്നോണം കേന്ദ്രം 325 കോടി രൂപ അനുവദിച്ചു. കേരളത്തിനും ലക്ഷദ്വീപിനും തമിഴ്നാടിനും കൂടിയാണ് 325 കോടി രൂപ അനുവദിച്ചത്. മുന്‍പ് അനുവദിച്ച 76 കോടിക്ക് പുറമേയാണിത്. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് ദുരിതാശ്വാസ പാക്കേജിലുള്ളത്. പുതിയ പാക്കേജിലൂടെ വീട് തകര്‍ന്നവര്‍ക്ക് ഒന്നരലക്ഷം രൂപയും നല്‍കും. ഓഖി ദുരിതാശ്വാസത്തിനായി 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്ക് മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.പ്രധാനമന്ത്രിക്ക് സമഗ്രമായ സഹായ പാക്കേജ് സമര്‍പ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1400 വീട് നിര്‍മിച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലും കന്യാകുമാരിയിലുമുള്ള ഓഖി ദുരിത ബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായ വാഗ്ദാനം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിക്കും. ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരിക്കും ഫണ്ട് അനുവദിക്കുക.