ഓഖി ദുരിതബാധിതരെ കാണാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍;പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളെ കാണും
തിരുവനന്തപുരം: ഓഖി ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തലസ്ഥാനത്തെത്തും.ഇന്നലെ അര്‍ധരാത്രിയോടെ മംഗളൂരുവിലെത്തിയ പ്രധാനമന്ത്രി രാവിലെ എട്ടു മണിയോടെ ലക്ഷദ്വീപിലേക്ക് തിരിച്ചു.
ലക്ഷദ്വീപിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ഉച്ചയ്ക്ക് 1.50നു തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി, ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്കു പോകും. നാലരയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷം പൂന്തുറയിലേക്കു പോകുന്ന അദ്ദേഹം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഓഖി ദുരന്തബാധിതരെ കാണുക.
അതിനു ശേഷം, തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസില്‍ 5.45ന് അവലോകന യോഗത്തില്‍ സംബന്ധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തിനു ശേഷം ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം പ്രത്യേക അവതരണം നടത്തും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആറരയോടെ പ്രധാനമന്ത്രി മടങ്ങും.
അതേസമയം, പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിയതായി ബി.ജെ.പി വൃത്തങ്ങള്‍ ആരോപിച്ചു. രാജ്ഭവനില്‍ ചര്‍ച്ചായോഗം നടത്തി അദ്ദേഹത്തെ തിരികെ അയയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം ബി.ജെ.പി ഇടപെടല്‍ മൂലമാണ് ഒഴിവായതെന്ന് അവര്‍ പറഞ്ഞു.
ദുരന്തബാധിതരെ നേരിട്ടു കാണണമെന്ന നിലപാട് പ്രധാനമന്ത്രി സ്വീകരിച്ചതോടെ പൂന്തുറയില്‍ കൂടിക്കാഴ്ച ഒരുക്കുകയായിരുന്നു. ഔപചാരിക ചടങ്ങുകള്‍ മാത്രം നടക്കുന്ന രാജ്ഭവനില്‍നിന്ന് അവലോകന യോഗം ഗസ്റ്റ് ഹൗസിലേക്കു മാറ്റുകയും ചെയ്തു.