ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്മൃതി ഇറാനിയെ പരിഗണിക്കുന്നുവെന്ന് സൂചന
ന്യൂഡല്‍ഹി:ഗുജറാത്തില്‍,മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് സൂചന.
മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബി.ജെ.പിയില്‍ നിന്ന് അകറ്റുന്നു എന്ന നിരീക്ഷണമാണ് ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.
തുടര്‍ച്ചയായി 22 വര്‍ഷം ഗുജറാത്ത് ഭരിച്ച് ബി.ജെ.പിക്ക് ആറാം തവണത്തേത് കടുത്ത പോരാട്ടമായതാണ് സംസ്ഥാനത്തിന് ശക്തനായ നേതൃത്വം വേണമെന്ന ആലോചനകളിലേക്ക് പാര്‍ട്ടിയെ കൊണ്ട് ചെന്നെത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 115 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്താണ് മൂന്നക്കം കടക്കാതെ 99-ല്‍ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നത്. മാത്രമല്ല സംസ്ഥാനത്ത് ഏതാണ്ട് നിഷ്പ്രഭമായിരുന്ന കോണ്‍ഗ്രസ്സ് വലിയ മുന്നേറ്റം നടത്തുകയും ചെയ്തു.
മോദിയുടെ പ്രതിഛായയുള്ള പ്രശസ്തനായ ഒരാള്‍ തന്നെ വേണമെന്ന പാര്‍ട്ടി വൃത്തങ്ങളിലെ ആലോചനകളാണ് സ്മൃതി ഇറാനിയിലേക്കെത്തിക്കുന്നത്.കോണ്‍ഗ്രസ്സ് കരുത്താര്‍ജ്ജിച്ച നിലയ്ക്ക് പ്രശസ്ഥനായ ഒരാളെക്കൊണ്ട് ഇതിനു തടയിടുക എന്നതും ലക്ഷ്യമിടുന്നുണ്ട്.നിലവില്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ മന്ത്രിയായ സ്മൃതി ഇറാനി പ്രധാനമന്ത്രിയുടെ വിശ്വസ്ത മന്ത്രിസഭാംഗങ്ങളിലൊരാളാണ്.
എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ സ്മൃതി ഇറാനി തള്ളിക്കളഞ്ഞു. കേന്ദ്ര മന്ത്രിയായ മന്‍സുഖ് എല്‍ മന്ദവിയയാണ് പരിഗണന പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ പേരും പരിഗണനയിലുണ്ട്.