സരിതയുടെ കത്തിലെ വിശാദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ഹൈക്കോടതി വിലക്കി

കൊച്ചി:സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്.സോളര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍ നടപടിയും ചോദ്യംചെയ്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിലക്ക്. രണ്ടുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങളുള്‍പ്പെടെ ആരും കത്ത് ചര്‍ച്ച ചെയ്യരുതെന്ന് കോടതി.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുക, സരിതയുടെ കത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ചചെയ്യുന്നതില്‍ നിന്ന് വിലക്കുക എന്നിവയായിരുന്നു. ഇതില്‍ രണ്ടാമത്തെ ഇടക്കാല ആശ്വാസമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ച് സരിതയുടെ കത്ത് സംബന്ധിച്ച വിവരങ്ങള്‍ മധ്യമങ്ങളും, സര്‍ക്കാരും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രണ്ടുമാസത്തേക്ക് ചര്‍ച്ചചെയ്യാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. അതേസമയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ അന്വേഷണമോ മറ്റ് നടപടികളോ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. അക്കാര്യം കോടതി വ്യക്തമാക്കുകയും ചെയ്തു.

നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രി പിണറായി നടപടി അനുചിതമായെന്ന് കോടതി നിരീക്ഷിച്ചിരുന്നു.