സിനിമാ മേഖലയിലെ വിശ്വസ്തര്‍ ഒന്നടങ്കം ദിലീപിനെതിരായി മൊഴി നല്‍കി: അനുകൂലിച്ചത് കാവ്യ മാത്രം;അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി ദിലീപ്

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കി ചലച്ചിത്രമേഖലയില്‍ നിന്നുള്ള പ്രമുഖരുടെ സാക്ഷിമൊഴി.സംഭവുമായി ബന്ധപ്പെട്ട് പൊലീസിന് മൊഴി നല്കിയവരെല്ലാം ദിലീപിന് പ്രതികൂലമായ കാര്യങ്ങളാണ് പറഞ്ഞതെന്നാണ് വിവരം.സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ ഒറ്റപ്പെടുത്തല്‍ ദിലീപിനെ തളര്‍ത്തിയിരിക്കുകയാണ്. കാവ്യയും ദിലീപുമായുള്ള അടുപ്പവും മഞ്ജുവുമായുള്ള വിവാഹ മോചനവും ആണ് നടി അക്രമിക്കപ്പെടാനുള്ള കാരണമെന്ന് മിക്ക സഹപ്രവര്‍ത്തകരും മൊഴി നല്‍കിയിരുന്നത്.കുഞ്ചാക്കോ ബോബനും റിമി ടോമിയും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുടെ മൊഴി ദിലീപിനെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ മഞ്ജുവിന്റെ നായകനാകുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. താന്‍ സിനിമയില്‍ അഭിനയിക്കരുതെന്ന് ദിലീപ് നേരിട്ടുപറയുകയല്ല; മറിച്ച് സ്വയം താന്‍ പിന്‍മാറണമെന്ന സൂചനയാണ് നല്‍കിയതെന്നും കുഞ്ചാക്കോ ബോബന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അതെ സമയം അക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് പ്രശ്‌നമുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു, എന്നാല്‍ പ്രശ്‌നത്തില്‍ ഇതേവരെ ഇടപെടാന്‍ ശ്രമിച്ചില്ലെന്ന് എം.എല്‍.എയും നടനുമായ മുകേഷ് അന്വേഷണസംഘത്തിന് മുന്‍പാകെ മൊഴി നല്‍കി.സംഭവത്തില്‍ ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പ് നടന്ന ‘അമ്മ’യോഗത്തില്‍ മുകേഷ് ദിലീപിനനുകൂലമായി സംസാരിച്ചിരുന്നു.

‘അമ്മ ഷോ’ നടക്കുമ്പോള്‍ പള്‍സര്‍ സുനിയാണ് തന്റെ ഡ്രൈവര്‍. വാഹനം ഒരു ലോറിയുമായി തട്ടിയതിനെത്തുടര്‍ന്നാണു സുനിയെ പറഞ്ഞു വിട്ടത്.സുനി ഏര്‍പ്പാടാക്കിയ ഡ്രൈവര്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. അതെ സമയം ശ്രീകുമാര്‍ മേനോന്‍ ദിലീപിനെതിരെ ശക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളത്. സ്വന്തം കാര്യങ്ങള്‍ക്ക് വളഞ്ഞ വഴി സ്വീകരിക്കുന്ന വ്യക്തിയാണ് ദിലീപെന്നും, ദിലീപിന് കുടില ബുദ്ധിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല.അവരുടെ ഇപ്പോഴത്തെ വളര്‍ച്ച ദിലീപിന് ഒട്ടും ദഹിക്കുമായിരുന്നില്ല.

പല നടന്മാരെയും മഞ്ജുവിന്റെ സിനിമയില്‍ നിന്ന് ദിലീപ് ഇടപെട്ടു ഒഴിവാക്കിയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. മഹാഭാരതം സിനിമ നിര്‍മ്മിക്കാമെന്ന് തന്നോട് ഏറ്റിരുന്ന കാര്‍ണിവല്‍ ഗ്രൂപ്പിനെ ദിലീപ് ഇടപെട്ട് മുടക്കിയതായും ശ്രീകുമാര്‍ മേനോന്റെ മൊഴിയിലുണ്ട്.കാവ്യയും ദിലിപും തമ്മിലുളള ബന്ധം തന്നെ അറിയിച്ചത് അക്രമത്തിനിരയായ നടിയാണന്നാണ് മഞ്ജുവാര്യരുടെ മൊഴി. ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ നടി കഥയില്ലാതെ പറയുന്നതായാണ് ദിലീപ് അന്നും പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് നടിയോട് വഴക്കിട്ടു.

നടിയോട് ദിലിപിന് ദേഷ്യമുളളതായി സംയുക്താവര്‍മ മൊഴി നല്‍കി. കാവ്യയുമായുള്ള ബന്ധം തുറന്നു പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

പിന്നീട് നടിക്ക് നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. ശ്രീകുമാര്‍ മേനോനാണ് മഞ്ജുവിനേയും ദിലീപിനേയും പിരിച്ചതെന്നാണ് പൊലീസിന് കാവ്യ നല്‍കിയിരിക്കുന്ന മൊഴി.അതെ സമയം ദിലീപും മഞ്ജുവും തമ്മില്‍ പിണങ്ങാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള തര്‍ക്കമല്ലെന്ന് സാക്ഷി പറയാനായി മീനാക്ഷി തയ്യാറാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.അമേരിക്കന്‍ പര്യടനത്തിന്റെ അവസാന ദിവസം രാത്രി ഹോട്ടല്‍ മുറിയില്‍ കാവ്യയുമായി ദിലീപ് ഏറെ നേരെ സംസാരിച്ചതിന് താന്‍ സാക്ഷിയാണെന്നാണ് റിമി ടോമി പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

നടി അക്രമിക്കപ്പെട്ട കാര്യം താന്‍ കാവ്യയെ വിളിച്ച് പറഞ്ഞപ്പോള്‍ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും റിമി ടോമിയുടെ മൊഴിയിലുണ്ട്.

ഇത് ദിലീപിന് തീര്‍ത്തും തിരിച്ചടിയാണ്.കാവ്യ മാത്രമാണ് ദിലീപിന് അനുകൂലമായി മൊഴികള്‍ നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കേസിന്റെ വാദങ്ങള്‍ നടക്കുമ്പോള്‍ ഈ മൊഴികളെല്ലാം ദിലീപിന് പ്രതികൂലമായി വരാനാണ് സാധ്യത.