രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ ഉള്ള വിശ്വാസം കുറയുന്നു എന്ന് കര്‍ദിനാല്‍ ബസേലിയസ് ക്ലിമ്മിസ്
കേന്ദ്ര സർക്കാരിൽ ന്യൂനപക്ഷങ്ങൾക്ക് ഉള്ള വിശ്വാസം കുറയുന്നതായ ആരോപണവുമായി കര്‍ദിനാല്‍ ബസേലിയസ് ക്ലിമ്മിസ്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ഉത്കണ്ഠ വർദ്ധിക്കുന്നതായും പൗരന്മാരുടെയും ന്യൂനപക്ഷങ്ങളുടെയും വിശ്വാസം വീണ്ടെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ സത്നയിൽ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ധേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.ആക്രമണം ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന അക്രമികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് തീവ്ര ഹിന്ദു സംഘടനയായ ബജ്രംഗ്ദളിന്‍റെ പരാതിയെ തുടര്‍ന്നാണ് സത്‌ന പൊലീസ് ക്രിസ്മസ് കരോള്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. സിറോ മലബാര്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സത്‌ന സെന്റ് എഫ്രേംസ് കൊളേജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്.
1992 മുതല്‍ ക്രിസ്മസ് കാലത്ത് സെമിനാരിയുടെ നേതൃത്വത്തില്‍ സമീപത്തെ ഗ്രാമങ്ങളില്‍ കരോള്‍ പരിപാടി അവതരിപ്പിച്ച് വരികയായിരുന്നു. ഇത്തവണ കരോള്‍ നടത്തുന്നതിനിടെ ഒരു വിഭാഗം പ്രകോപിതരായി സംഘത്തിനെതിരേ തിരിയുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മതങ്ങൾക്ക് അതീതമായി ജനങ്ങൾ ക്രിസ്തുമസ് ആഘോഷിക്കാനിരിക്കെയാണ് ആക്രമണം. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം. ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭയം നിറക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. ശക്തമായ നടപടിയെടുത്ത് സുരക്ഷ ഒരുക്കാനും ഭയം അകറ്റാനും കേന്ദ്ര സർക്കാർ തയ്യാറാകണം. നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉറപ്പു നൽകിയതായും ബസേലിയസ് ക്ലിമ്മിസ് പറഞ്ഞു. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് മധ്യമപ്രദേശിലെ സ്തന ജില്ലയില്‍ കരോള്‍ സംഘത്തെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമിച്ചത്. കൂടാതെ ആക്രമികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കരോള്‍ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് പുരോഹിതന്‍മാരെയും 30 ഓളം സെമിനാരി വിദ്യാര്‍ത്ഥികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കരോള്‍ നടത്തുന്നതിനിടെയാണ് സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാവിലെ ഹാജരാകണമെന്ന നിര്‍ദേശിച്ച് ഇവരെ വിട്ടയച്ചു.