വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജി വയ്ക്കേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വീരേന്ദ്രകുമാറിന്റെ രാജി അനാവശ്യമായിരുന്നെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

യു.ഡി.എഫിന്റെ വോട്ടുകൊണ്ട് കൂടിയാണ് വീരേന്ദ്രകുമാര്‍ രാജ്യസഭയിലെത്തിയതെന്നും ജെ.ഡി.യു യു.ഡി.എഫ് വിടുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

നിതീഷ് കുമാര്‍ അധ്യക്ഷനായ പാര്‍ട്ടിയില്‍ എം.പി ആയിരിക്കാന്‍ താത്പര്യമില്ലെന്നും അതിനാല്‍ എം.പി സ്ഥാനം രാജിവെക്കുമെന്നും നേരത്തെ തന്നെ വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. നിതീഷ് കുമാര്‍ അധ്യക്ഷനായ പാര്‍ട്ടിയുടെ എം.പിയായും സംസ്ഥാന അധ്യക്ഷനായും തുടരാന്‍ താത്പര്യമില്ലെന്നും വീരേന്ദ്രകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിയുമായി ലയിച്ചതോടെയാണ് നിതീഷ് കുമാറിനെതിരെ പാര്‍ട്ടിയിലെ ഒരി വിഭാഗം തിരിഞ്ഞത്. ബിഹാറിലെ മഹാസഖ്യം തകര്‍ത്താണ് ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി വീണ്ടും കൂട്ടുചേര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാവുകയും ചെയ്തു. ശരദ് യാദവ് വിഭാഗത്തിനൊപ്പമാണ് വീരേന്ദ്രകുമാര്‍ പക്ഷം നില്‍ക്കുന്നത്. രാജിവച്ചതോടെ ഇടതു പക്ഷത്തിനൊപ്പമുള്ള ജെ.ഡി.എസിലേക്ക് വിരേന്ദ്ര കുമാര്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.