ഓഖി ദുരന്തം ; കാണാതായ മൂന്ന് ബോട്ടുകള്‍ തിരിച്ചു വരുന്നു ; തിരികെ എത്തുന്നത് 34 പേര്‍

കൊച്ചി : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ 34 പേര്‍ സുരക്ഷിതരായി തിരിച്ചെത്തുന്നു എന്ന് റിപ്പോര്‍ട്ട്. ഇവര്‍ കൊച്ചിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഓഷ്യന്‍ ഹണ്ടര്‍, ജിംസമോള്‍, ബെനൗസ് എന്നീ ബോട്ടുകളാണ് കരയ്‌ക്കെത്തിക്കൊണ്ടിരിക്കുന്നത്. ഈ ബോട്ടിലുള്ളവരെല്ലാം സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം കാണാതായവരെ കണ്ടെത്താനായി ശക്തമായ തിരച്ചലാണ് കടലില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് സ്വകാര്യ ബോട്ടുകളുടേയും സഹായം തേടുന്നുണ്ട്.

ചുഴലിക്കാറ്റില്‍ പെട്ട് കാണാതായതില്‍ ഇനി പന്ത്രണ്ട് ബോട്ടുകള്‍ കൂടിയാണ് കണ്ടെത്താനുള്ളത്. ചില ബോട്ടുകള്‍ മുങ്ങിയതായി പറയുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതിനിടെ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നും കാസര്‍ഗോഡ് തീരത്ത് നിന്നും ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബേപ്പൂരില്‍ നിന്നും പോയ ബോട്ടുകളാണ് കാസര്‍ഗേഡ് നിന്നും മൃതദേഹം കണ്ടെത്തിയത്.