സര്‍ക്കാരിനെതിരെ വിമര്‍ശനം: ഡിജിപി ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം:വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനു സസ്പെന്ഷന്. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയെത്തുടര്‍ന്നാണ് സസ്പെന്ഷന്.ജേക്കബിന്റെ പ്രസ്താവന സര്‍ക്കാരിനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നാണു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണു നടപടി. നിലവില്‍ ഐ.എം.ജി ഡയറക്ടറാണ് ജേക്കബ് തോമസ്.അതെ സമയം തനിക്ക് സസ്പെന്ഷന് ഉത്തരവ് കിട്ടിയിട്ടില്ലെന്നും എന്തിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും ജേക്കബ് തോമസ് പറഞ്ഞു.
സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിനു കാരണം ഇതാണെന്നും ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണ്. അവര്‍ക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ടു വെട്ടിയില്ലെങ്കിലും നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭീതി ഉണ്ടായാല്‍ പിന്നെ ഒരു വിസില്‍ബ്ളോവറും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ അഴിമതിവിരുദ്ധ ദിനാചരണയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചയെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം? ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവര്‍ ഭരണാധികാരികളോടു ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്കു ജനത്തിന്റെ അടുത്തു പോയി നില്ക്കാം. ജനങ്ങളാണു യഥാര്‍ഥ അധികാരി.ദുരന്തത്തില്‍ എത്രപേരെ കാണാതായെന്ന കാര്യത്തില്‍ പോലും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തിയിരുന്നു.