സൈന്യത്തിന് ആയുധവുമില്ല ഫണ്ടുമില്ല: കേന്ദ്ര സര്‍ക്കാരിന് പാര്‍ലമെന്ററി കമ്മിറ്റിയുടെ രൂക്ഷ വിമര്‍ശം
ന്യൂഡല്‍ഹി:സൈന്യത്തിന് അത്യാധുനിക ആയുധങ്ങള്‍ നല്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കാത്തത്തിന് കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്ററി കമ്മിറ്റിയുടെ വിമര്‍ശം.അയല്‍ രാജ്യങ്ങളായ ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇന്ത്യ ഒരേപോലെ സുരക്ഷാ ഭീഷണി നേരിടുമ്പോള്‍ സൈന്യത്തിന് ഇത് പ്രതിരോധിക്കാനാവശ്യമായ ആയുധങ്ങളില്ലെന്നും പാര്‍ലമെന്ററി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
റിട്ടയേര്‍ഡ് മേജര്‍ ജനറലായ ബി.സി. ഖണ്ഡൂരി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്തര്‍വാഹിനികള്‍, യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയ്ക്ക് പുറമെ അടിസ്ഥാന ആയുധങ്ങളായ പുതിയ തലമുറ റൈഫിളുകള്‍, യന്ത്രത്തോക്കുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, ഹെല്‍മെറ്റുകള്‍ എന്നിവയിലും വലിയ കുറവുണ്ടെന്ന് റിപ്പോര്‍ട്ട്പരാമര്‍ശിക്കുന്നു.
മുന്ന് സേനാവിഭാങ്ങളും ശക്തമായി ആവശ്യമുന്നയിച്ചിട്ടും.2017-2018 ബജറ്റില്‍ സൈന്യത്തിന്റെ ആധുനിക വത്കരണത്തിനാവശ്യമായ തുക വകയിരുത്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 2.74 ലക്ഷം കോടി രൂപയാണ് ആധുനികവത്കരണത്തിനായി അനുവദിച്ചത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.56 ശതമാനം മാത്രമാണ് ഇത്. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം വകയിരുത്തിയ ഏറ്റവും കുറഞ്ഞ തുകയാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആധുനികവത്കരണത്തിനാവശ്യമായ തുക അനുവദിക്കാത്തതിലും ആയുധ സംഭരണം വേഗത്തിലാക്കാത്തതിനും കേന്ദ്രസര്‍ക്കാരിനെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കരസേന ഈ സാമ്പത്തിക വര്‍ഷം ആവശ്യപ്പെട്ട ഫണ്ടിന്റെ 60 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. നാവികസേനയ്ക്ക് 67 ശതമാനവും വ്യോമസേനയ്ക്ക് 54 ശതമാനവും ഫണ്ട് ലഭിച്ചു. ഫണ്ടിലെ അപര്യാപ്തത വിപരീത ഫലമേ ചെയ്യുവെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു.
വ്യോമസേനയ്ക്ക് 45 ഫൈറ്റര്‍ സ്‌ക്വാഡ്രണുകളാണ് വേണ്ടത്. എന്നാല്‍ നിലവില്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടുള്ളത് 33 എണ്ണം മാത്രമാണ്. യുദ്ധവിമാനങ്ങള്‍ കാലപ്പഴക്കം മുലം ഒഴിവാക്കുന്നതോടെ 2027 ആകുമ്പോഴേക്കും 19 സ്‌ക്വാഡ്രണുകളും 2032 ആകുമ്പോഴേക്കും 26 എണ്ണവും കുറയും.
നാവികസേനയ്ക്കാകട്ടെ 13 ഡിസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് ഉള്ളതെങ്കിലും അവയില്‍ പകുതി മാത്രമെ പ്രവര്‍ത്തനക്ഷമായിട്ടുള്ളു. ഇവയില്‍ പുതിയതായി കമ്മീഷന്‍ ചെയ്ത കല്‍വാരി ഒഴിച്ച് ബാക്കിയെല്ലാം 17 മുതല്‍ 32 വര്‍ഷം പഴക്കമുള്ളവയാണ്. മാത്രമല്ല വിവിധോദ്ദേശ ഹെലികോപ്റ്ററുകള്‍ 61 എണ്ണമെങ്കിലും നാവികസേനയ്ക്ക് ആവശ്യമുണ്ട്.
കപ്പല്‍ നിര്‍മാണ പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നത് നിരാശപ്പെടുത്തുന്നുവെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിരോധ മന്ത്രാലയം ഈ കാലതാമസങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും അവയ്ക്ക് ഉടന്‍തന്നെ പരിഹാരം കാണണമെന്നും ബി.സി. ഖണ്ഡൂരി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.