2 ജി സ്പെക്ട്രം അഴിമതി കേസില്‍ വിധി ഇന്ന്

ഡി.എം.കെ. നേതാക്കളായ എ. രാജയും കനിമൊഴിയും പ്രതിസ്ഥാനത്തുള്ള 2 ജി സ്‌പെക്ട്രം അഴിമതി കേസുകളില്‍ സി.ബി.ഐ. പ്രത്യേകകോടതി വിധി ഇന്ന്. സി.ബി.ഐ. പ്രത്യേക ജഡ്ജി ഒ.പി. സെയ്നിയാണ് വിധി പറയുന്നത്.ഇന്ത്യന്‍ രാഷ്ട്രീയം മാറ്റിയെഴുതുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഈ അഴിമതി തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും.

ഇന്ത്യയുടെ രാഷ്ട്രീയം ഈ അഴിമതി പുറത്തുവന്നതോടെ മാറി. 2009-ല്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിയ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ വന്‍ജനരോഷം നേരിട്ടു. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെട്ടു.2ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നാണ് സി.എ.ജി കണ്ടെത്തിയിരുന്നത്. സി.ബി.ഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് ഇന്ന് പ്രത്യേക വിചാരണക്കോടതി പ്രസ്താവിക്കുക.

മാനദണ്ഡങ്ങള്‍ പാലിക്കാതെ, 122 സ്വകാര്യ ടെലകോം കമ്പനികള്‍ക്ക് 2 ജി ലൈസന്‍സ് സ്പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. കേസ്. ഈ ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

സി.ബി.ഐ. ഫയല്‍ചെയ്ത ആദ്യ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കമ്പനികളും പ്രതികളാണ്.

രണ്ടാം സി.ബി.ഐ. കേസില്‍ എസ്സാര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായ രവി റൂയിയ, അന്‍ഷുമാന്‍ റൂയിയ, ലൂപ് ടെലികോമിന്റെ കിരണ്‍ ഖെയ്താന്‍, ഭര്‍ത്താവ് ഐ.പി. ഖെയ്താന്‍, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ്) വികാസ് സറഫ് എന്നിവരും ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളും പ്രതികളാണ്.

സംയുക്തപാര്‍ലമെന്ററി സമിതി രൂപീകരിച്ചുള്ള നാടകങ്ങള്‍ രാജ്യം കണ്ടു. ബിജെപിക്ക് പ്രത്യേകിച്ച് നരേന്ദ്ര മോദിക്ക് 2014-ല്‍ അധികാരത്തിലെത്താനുള്ള ഊര്‍ജ്ജമാണ് സ്‌പെക്ട്രം അഴിമതി പകര്‍ന്നത്. യുവജനത കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു. അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും നയിച്ച അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് വന്‍ ജനപിന്തുണ കിട്ടി. ആം ആദ്മി പാര്‍ട്ടിയുടെ പിറവിക്കും ഈ പ്രക്ഷോഭം വഴിവച്ചു. ഡി.എം.കെ നേതാക്കളാണ് പ്രതികളെങ്കിലും ഇന്നും കോണ്‍ഗ്രസിനെതിരെയുള്ള ബി.ജെ.പിയുടെ ഏറ്റവും വലിയ ആയുധമാണ് ഈ അഴിമതികേസ്. കോടതിയുടെ ഏതു തീരുമാനവും അടുത്ത തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാര്‍ട്ടികളുടെ തന്ത്രം നിശ്ചയിക്കുന്നതിലും പ്രധാനമാകും.

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനിടെയാണ് ദേശീയ- തമിഴ്നാട് രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള വിധി പുറത്തെത്തുക.