ഹിറ്റ് മാനൊക്കെയാണെങ്കിലും രോഹിതിന് പക്ഷെ ഈ ഓള്‍ റൗണ്ടറെ പേടിയാണ്;കാരണം 10 തവണയാണ് ഇയാള്‍ രോഹിതിന്റെ കുറ്റി തെറിപ്പിച്ചതും നാണക്കേടിന്റെ റെക്കോര്‍ഡ് നല്‍കിയതും

കട്ടക്ക്:ടി-20 യിലായാലും ഏകദിനത്തിലായാലും ബൗളര്‍മാരുടെ പേടിസ്വപ്നമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ.കാരണം മൂന്നു ഡബിള്‍ സെഞ്ച്വറിയൊക്കെ ഏകദിനത്തില്‍ അടിച്ചുകൂട്ടി വീണ്ടുമൊരെണ്ണം കൂടിയടിക്കാന്‍ റെഡിയാണെന്നുള്ള നില്‍പ്പും ബാറ്റിങ് ശൈലിയുമൊക്കെ കാണുമ്പോള്‍ ഏതു കൊടികുത്തി ബൗളറും ഒന്ന് ഭയക്കും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും രോഹിതിന് പേടിയുള്ള ഒരു ബൗളറുണ്ട്.ബേസിക്കിലി ഇയാളൊരു ഓള്‍ റൗണ്ടറാണ്.പറഞ്ഞു വരുന്നത് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസിനെ പറ്റിയാണ്. 2010-ന് ശേഷം പത്ത് തവണയാണ് രോഹിത് ഈ ശ്രീലങ്കന്‍ മീഡിയം പേസര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്.

ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തിലും രോഹിതിനെ പുറത്താക്കിയത് മാത്യൂസാണ്. 13 പന്തില്‍ 17 റണ്‍സെടുത്ത രോഹിത് 4.6 ഓവറില്‍ മാത്യൂസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.എല്ലാ ഫോര്‍മാറ്റുകളിലുമായി ഈ കാലയളവില്‍ രോഹിതിന്റെ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ മാത്യൂസാണ്. വിരാട് കോലിയെ എട്ട് തവണ വീതം പുറത്താക്കിയ ഗ്രയാം സ്വാനും ആന്‍ഡേഴ്‌സണുമാണ് തൊട്ടുപിന്നില്‍. ഇതോടെ ലങ്കക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് ഹിറ്റ്മാനായ രോഹിതിന്റെ പേരിലായി.