യാചകനായി അലഞ്ഞുതിരിഞ്ഞു നടന്നത് കോടീശ്വരന്‍ ; ഞെട്ടലില്‍ നാട്ടുകാര്‍

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് അലഞ്ഞുതിരിഞ്ഞു നടന്ന വൃദ്ധന്‍ കോടീശ്വരന്‍ ആണെന്ന് നാട്ടുകാര്‍ അറിയുന്നത്. തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശിയായ മുത്തയ്യ നാടാര്‍ ആണ് കോടീശ്വരനാണെന്ന് തെളിഞ്ഞ യാചകന്‍. ഇയാള്‍ക്കൊരു ബാങ്ക് അക്കൗണ്ടുണ്ടെന്നും അക്കൗണ്ടില്‍ 1,63,93,000 രൂപ ബാലന്‍സുണ്ടെന്നുമാണ് ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ മനസിലായത്. സ്വാമി പ്രഭോത് പരമഹന്‍സ് ഇന്റര്‍ കോളേജിലെ സ്വാമി ഭാസ്‌കര്‍ ഇക്കഴിഞ്ഞ 13ന് നാടാരെ അനാരോഗ്യകരമായ അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഒരു യാചകനാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഭാസ്‌കര്‍ ഇയാളോട് സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭാഷ മനസിലായില്ലെങ്കിലും ഇയാള്‍ക്ക് വിശക്കുന്നുണ്ടെന്ന് മനസിലായ അദ്ദേഹം ഭക്ഷണം വാങ്ങിക്കൊടുക്കുകയും ഒരു ബാര്‍ബറുടെ അടുത്തെത്തിച്ച് മുടി വെട്ടിക്കുകയും ചെയ്തു.

ഇയാള്‍ കുളിക്കാന്‍ പോയപ്പോഴാണ് വസ്ത്രത്തില്‍ നിന്നും ആധാര്‍ കാര്‍ഡ്, ബാങ്ക് എഫ്ഡി, താക്കോല്‍ എന്നിവ കണ്ടെത്തിയത്. ആധാര്‍ കാര്‍ഡിന്റെ സഹായത്തോടെ ഇയാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തുകയും ഇയാളെ കൂടെ വിടുകയും ചെയ്തു. മകള്‍ ഗീത ആശ്രമത്തിലെത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയി. വിമാനത്തിലാണ് ഇവര്‍ നാടാരെ തിരികെ കൊണ്ടുപോയത്. ബന്ധുക്കള്‍ പറയുന്നതനുസരിച്ച് കുടുംബത്തിനൊപ്പം ജൂണില്‍ തീര്‍ത്ഥയാത്ര പോയ നാടാരെ കാണാതാകുകയായിരുന്നു. യാത്രയ്ക്കിടെ നാടാര്‍ക്ക് ആരോ മയക്കുമരുന്ന് കൊടുത്തുവെന്നാണ് ബന്ധുക്കളുടെ വിശ്വാസം. ഇതോടെ ഓര്‍മ്മശക്തിക്ക് തകരാര്‍ സംഭവിച്ചതാകാമെന്നാണ് മകള്‍ ഗീത പറയുന്നത്.