എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടം വിവാദമായി ; പരാതികളുമായി വൈദികരും ബിഷപ്പുമാരും രംഗത്ത്

കൊച്ചി : വിവാദമായി എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടം. അതിരൂപതയുടെ ഉടമസ്ഥതയില്‍, തൃക്കാക്കരയിലുളള ഭൂമിവില്‍പനയെച്ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. കച്ചവടത്തില്‍ രൂപതയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നു കാണിച്ച് ഒരുവിഭാഗം വൈദികരും ബിഷപ്പുമാരും പരാതികളുമായി രംഗത്തെത്തി. സ്ഥലവില്‍പനയിലെ വീഴ്ചയെക്കുറിച്ചന്വേഷിക്കാന്‍ ഇപ്പോള്‍ പ്രത്യേകസമിതിയെ നിയോഗിച്ചിരിക്കുകയാണ് സഭാനേതൃത്വം. കാലടി മറ്റൂരില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സ്ഥലം വാങ്ങിയതിന്റെ കടബാധ്യതകള്‍ വീട്ടുന്നതിന് പണം കണ്ടെത്താനാണ് അതിരൂപതയുടെ ഉടമസ്ഥതയില്‍ തൃക്കാക്കര മേഖലയിലുളള മൂന്നേക്കര്‍ ഭൂമി വിറ്റത്. വില്‍പനസംബന്ധിച്ച് ആദ്യഘട്ടത്തില്‍ രൂപതയിലെ വൈദികതലസമിതികളില്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു. വില്‍പനക്കരാറിന് സമിതികള്‍ അനുമതിനല്‍കുകയും ചെയ്തു.

പിന്നീട് രൂപതയില്‍ ധനപരമായകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന സമിതിയുടെ അറിവോടെ ഇരുപത്തിയേഴ്കോടിക്ക് വില്‍പനകരാര്‍ ഒപ്പിടുകയായിരുന്നു. ഇതിനിടെയാണ് പ്രധാന മന്ത്രി നടപ്പിലാക്കിയ നോട്ട് നിരോധനം വരുന്നത്. ഇതിനെ തുടര്‍ന്ന്‍ സാമ്പത്തികപ്രതിസന്ധിയുളളതിനാല്‍ മുഴുവന്‍തുകയും നല്‍കാന്‍ സ്ഥലം വാങ്ങിയയാള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ 9 കോടിരൂപവാങ്ങി സ്ഥലം രജിസ്റ്റര്‍ചെയ്തു നല്‍കി. ബാക്കിതുകയ്ക്ക് പകരമായി ഇയാളുടെ കൈവശം കോതമംഗലം കോട്ടപ്പടിയിലുളള 25 ഏക്കറും ദേവികുളം ആനവിരട്ടിവില്ലേജിലുളള 17 ഏക്കറും രജിസ്റ്റര്‍ചെയ്ത് വാങ്ങി. ഇതില്‍ ദേവികുളത്തെ ഭൂമി പരിസ്ഥിതി ലോലമേഖലയില്‍പ്പെടുന്നതാണ്. കോതമംഗലത്തെ ഭൂമിയാകട്ടെ, മുമ്പൊരിക്കല്‍ രൂപത വാങ്ങാന്‍ തീരുമാനിച്ചെങ്കിലും വേണ്ടന്നുവച്ചതും. ഇതോടെയാണ് നഷ്ടം രൂപതയ്ക്കുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി ഒരുപറ്റം വൈദികരും ഏതാനും ബിഷപ്പുമാരും രംഗത്തെത്തിയത്.

നഷ്ടക്കച്ചവടം ചൂണ്ടിക്കാട്ടി കര്‍ദ്ദിനാളിനെതിരെ ഇവര്‍ വിവിധ തലങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഭൂമിവില്‍പനയിലൂടെ രൂപതയ്ക്ക് നഷ്ടമുണ്ടായോ എന്ന് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചതായും സമിതിറിപ്പോര്‍ട്ടിനുശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും സിറോ മലബാര്‍ സഭാ ഫാ.ജിമ്മി പൂച്ചക്കാട്ട് വക്താവ് പറഞ്ഞു.