ഓഖി:ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 75

കണ്ണൂര്‍:ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ജീവന്‍ നഷ്ടമായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.ഇതോടെ സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവരുടെ എണ്ണം 75 ആയി. കണ്ണൂര്‍ ഏഴിമലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അല്‍പ സമയത്തിനകം അഴീക്കലിലേക്ക് എത്തിക്കും.

അതേസമയം ഓഖി ചുഴലിക്കാറ്റിന് മുമ്പ് കടലില്‍ പോയി കാണാതായ നാല് മത്സ്യബന്ധന ബോട്ടുകളും 43 തൊഴിലാളികളെയും ഇന്ന് കണ്ടെത്തിയിരുന്നു. ഇവരെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ജീസസ് പവര്‍, നോഹ ആര്‍ക്ക്, സെന്റ് ആന്റണി, സെലസ്റ്റിയ, എന്നീ ബോട്ടുകളാണ് തിരിച്ചെത്തിയത്. നോഹ ആര്‍ക്ക്, ജീസസ് പവര്‍ എന്നീ ബോട്ടുകള്‍ എന്‍ജിന്‍ നിലച്ച നിലയില്‍ കടലില്‍ ഒഴുകി നടക്കുകയായിരുന്നു. ഓയില്‍ പമ്പിലുണ്ടായ തകരാറിനെത്തുടര്‍ന്ന് അഞ്ചു ദിവസമായി നോഹ ആര്‍ക്ക് 260 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകി നടക്കുകയായിരുന്നു.കൊച്ചിയില്‍ നിന്നും കാണാതായവരെ അന്വേഷിച്ചു പോയ ബോട്ടുകള്‍ ഇവരെ കണ്ടെത്തി ബോട്ടിന്റെ കേടുപാടുകള്‍ തീര്‍ത്ത് കരയിലേക്ക് കൊണ്ടുവരികയായിരുന്നു.

തിരച്ചിലിന് പോയ മറ്റൊരുസംഘമാണ് മറ്റ് ബോട്ടുകള്‍ കണ്ടെത്തിയത്. ഈബോട്ടുകളില്‍ 34 പേരുണ്ടെന്നും ഇവര്‍ ഇന്ന് കൊച്ചി ഹാര്‍ബറിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് വിവിധ സ്ഥലങ്ങളില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്ന 10 ബോട്ടുകളും അതിലെ തൊഴിലാളികളായ 111 പേരും കൊച്ചിയില്‍ തിരിച്ചെത്തി. അതെ സമയം ഏഴോളും ബോട്ടുകള്‍ മുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇതിലെ തൊഴിലാളികളെ കുറിച്ച് വിവരമൊന്നുമില്ല. ഏതാണ്ട് 79 തൊഴിലാളികള്‍ ഈ ബോട്ടുകളിലുണ്ടെന്നാണ് കരുതുന്നത്.