കായിക ലോകത്തിന് പ്രതീക്ഷ പകരുന്ന പുതിയ പ്രോജെക്റ്റുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍

കൊച്ചി: അവസരങ്ങളുടെ പറുദീസയാണ് പലപ്പോഴും കായികലോകം. എന്നാല്‍ മികവ് പുലര്‍ത്തുന്നവര്‍ക്കുപോലും മിക്കപ്പോഴും അവസരങ്ങള്‍ പലവിധത്തില്‍ നിഷേധിക്കപ്പെടാറുണ്ട്. അത് മനസിലാക്കിയാണ് ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പുതിയ പ്രൊജക്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ ഫുട്‌ബോളില്‍ മികവ് പുലര്‍ത്തുന്ന നിര്‍ദ്ധനരായ കുട്ടികളെ കണ്ടെത്തി സൗജന്യ പരിശീലനം നല്‍കാനാണ് സംഘടനയുടെ ശ്രമം. പ്രോജക്ടിന്റെ ഉദ്ഘാടനം ഡിസംബര്‍ 23ന് വല്ലാര്‍പ്പാടം പള്ളിയ്ക്ക് കിഴക്കുവശത്തുള്ള കോണംകോടത്ത് മൈതാനത്ത് ഉച്ചയ്ക്ക് 1 മണിയ്ക്ക് നടക്കും. പ്രമുഖ ഇന്ത്യന്‍ ഫുട്ബാള്‍ താരം ആന്‍സന്‍ പദ്ധതി ഉത്ഘാടനം ചെയ്യും.

നിര്‍ദ്ധനരായ മികവുറ്റ കുട്ടികളെ കണ്ടെത്തി വിവിധ കായിക മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കി ഡബ്ലിയു.എം.എഫിന്റെ താരങ്ങളായി വളര്‍ത്തുന്ന ഒരു പ്രൊജക്റ്റാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഷീല നെല്‍സണ്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സിന്ധു സജീവ് (ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍, ഡബ്ലിയു.എം.എഫ്)