ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: കേരള തീരത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘം ചൊവ്വാഴ്ച്ച കേരളത്തിലെത്തും. ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം. ചുഴലിക്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.
ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഡോ.വിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഉന്നത സംഘമാണ് കേരളത്തിലെത്തുന്നത്. ദുരന്ത നിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തക്കുന്നവരും സംഘത്തിലുണ്ടാകുമെന്നാണ് സൂചന.സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും കേരളം ആവശ്യപ്പെട്ട പ്രത്യേക പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കുക.
മൂന്ന് സംഘങ്ങളായി തിരിഞ്ഞാകും സംഘം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.തിരുവനന്തപുരം – കൊല്ലം ഭാഗത്ത് ആദ്യ സംഘവും ആലപ്പുഴ – കൊച്ചി ഭാഗത്ത് രണ്ടാമത്തെ സംഘവും തൃശൂര്‍ മുതല്‍ വടക്കന്‍ കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍ മറ്റൊരു സംഘവും പരിശോധന നടത്തും.
നേരത്തെ 7340 കോടിയുടെ സമഗ്ര പാക്കേജും അടിയന്തര സഹായമായി 422 കോടി രൂപയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.