ഉപഭോക്താക്കളെ വഞ്ചിച്ച് ; വമ്പന്മാരെ സംരക്ഷിച്ച് കോട്ടയം കണ്‍സ്യൂമര്‍ ഫോറം ; വനിതാ മെംബര്‍മാര്‍ക്ക് എതിരെ അധ്യക്ഷന്‍റെ വധഭീഷണിയും
കോട്ടയം : വേലി തന്നെ വിളവു തിന്നുന്ന കാഴ്ച്ച കാണണം എങ്കില്‍ കോട്ടയം ഉപഭോക്തൃ ഫോറത്തിലേയ്ക്ക് നോക്കിയാല്‍ മതി. ഉപഭോക്താക്കളെ കച്ചവടക്കാരുടെയും നിര്‍മ്മാതാക്കളുടേയും തട്ടിപ്പില്‍ നിന്ന് രക്ഷിക്കാനാണ് ഉപഭോക്തൃ കോടതികളും സംരക്ഷണ നിയമവും നാട്ടില്‍ നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ കോട്ടയം ഉപഭോക്തൃ ഫോറം നിലനില്‍ക്കുന്നത് ഉപഭോക്താക്കളില്‍ നിന്നും കള്ളന്മാരെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിക്കുന്ന വമ്പന്‍മാര്‍ക്കെതിരായ പല പരാതികളും പ്രസിഡന്റിന്റേ നേതൃത്വത്തില്‍ മുക്കി പരാതിക്കാരെ ആട്ടിപായിക്കുന്ന നിലപാടാണ് ഈ കോടതി സ്വീകരിക്കുന്നത്. പൊതുപ്രവര്‍ത്തകയായ രമാജോര്‍ജ് ആണ് കോട്ടയത്തെ ഉപഭോക്തൃ കോടതിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുകൊണ്ട് വന്നിരിക്കുന്നത്.
ഫോറം പ്രസിഡന്റ് ബോസ് അഗസ്റ്റിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ ബോസ് അഗസ്ഥിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. നീതി തേടി ഉപഭോക്തൃ ഫോറത്തിലെത്തുന്ന സാധാരണക്കാരെ വഞ്ചിക്കാന്‍ മത്സരിക്കുകയാണ് അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം. കേടതിയില്‍ പരാതിയുമായെത്തുന്ന ഉപഭോക്താക്കളോട് മോശമായി പെരുമാറുന്നത് മുതല്‍ ഫോറം അംഗങ്ങള്‍ക്കെതിരെ വധ ഭീഷണി വരെ മുഴക്കിയയാളാണ് ബോസ് അഗസ്റ്റിന്‍. താന്‍ പറയുന്നതിനനുസരിച്ച് വിധിയെഴുതിയില്ലെങ്കില്‍ കത്തിച്ചുകൊല്ലുമെന്നാണ് വനിതാ മെമ്പര്‍മാരെ ഭീഷണിപ്പെടുത്തിയത്.
ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നിലപാടുകളോ, വിധികളോ ഒന്നും കോട്ടയം ഫോറത്തില്‍ നിന്ന് പുറത്ത് വന്നിട്ട് കാലമേറെയായി. എല്ലാം കുത്തകള്‍ക്കും കച്ചവര്‍ക്കാര്‍ക്കും വേണ്ടിയാണ് വിധികള്‍ വരുന്നത്.പാല എം.എ.സി.റ്റി. കോടതിയില്‍ ബോസ് അഗസ്റ്റിന്‍ നടത്തിയിരുന്ന ഒരു കേസിന്റെ കക്ഷിക്ക് ഇന്‍ഷുറന്‍സില്‍ നിന്നും തുക അനധികൃതമായി നേടിയെടുക്കുന്നതിന് ആ കക്ഷിയെക്കൊണ്ട് ഉപഭോക്തൃഫോറത്തില്‍ കേസ് കൊടുപ്പിച്ച് അനുകൂലമായി സമ്പാദിച്ച് അനര്‍ഹമായ തുക നേടിയെടുത്തുവെന്നും പരാതിയുണ്ട്.
ഉപഭോക്തൃഫോറത്തില്‍ നിലനിന്നിരുന്ന വിധി പുറപ്പെടുവിച്ച അനേകം കേസുകളുടെ ഫയലുകള്‍, മേലധികാരികളുടെ അനുവാദം വാങ്ങാതെ അവധി ദിവസങ്ങളില്‍ വന്ന് ഓഫീസ് സ്റ്റാഫിനേയും ബോസ് അഗസ്റ്റിന്‍ നിയോഗിച്ച പുറത്ത് നിന്നുള്ള ജോലിക്കാരെ ഉപയോഗിച്ച് അഗ്നിക്കിരയാക്കി. വിധി തുക കൈപ്പറ്റാത്ത പല ഉപഭോക്താക്കളുടേയും കേസ്സുകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ രേഖകള്‍ കത്തിച്ച് കളഞ്ഞ്, ഫോറം ക്ലാര്‍ക്കിന്റെയും കൂടെ സമ്മതത്തോടെ ആ കേസുകളിലെ വിധി തുക തട്ടിയെടുക്കുന്നതിനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച പരാതികളാണ് നിലവില്‍ വിജിലന്‍സിന്റെ പരിഗണനയിലുള്ളത്.കെ എഫ് സി ചിക്കനെതിരായ കേസില്‍ പരാതിക്കാരന്റേയോ വക്കീലിന്റേയോ അനുവാദം കൂടാതെ കേസ്, മറ്റേതെങ്കിലും ഫോറത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ മേല്‍കോടതിയ്ക്ക് കത്തെഴുതിയതും വന്‍ ക്രമക്കേടാണെന്നും രമാ ജോര്‍ജ്ജ് ചൂണ്ടികാട്ടുന്നു. ലുലുവിന്റെ പാര്‍ക്കിങ് കൊള്ളയ്‌ക്കെതിരെയായ കേസും ഇത്തരത്തില്‍ അട്ടിമറിയ്ക്കുകയായിരുന്നു. ഇയാളുടെ നിയമനം പോലും കെ.എം. മാണിയുടെ നോമിനി എന്ന നിലയ്ക്കാണ് അത്തരത്തില്‍ പല വഴിവിട്ട രീതികളില്‍ കൂടി വേണ്ടപ്പെട്ട പലര്‍ക്കും ബോസ് അഗസ്റ്റിന്‍ താല്‍പ്പര്യപ്പെട്ട ഉത്തരവുകള്‍ നല്‍കിയിട്ടുള്ളതായി രമാ ജോര്‍ജ്ജ് പറയുന്നു.