പാര്‍ലമെന്റിലെ കംപ്യൂട്ടറില്‍ ‘ബ്ലൂ ഫിലിം’ കണ്ട ബ്രിട്ടിഷ് മന്ത്രിയെ പുറത്താക്കി
ലണ്ടന്‍:പാര്‍ലമെന്റ് ഓഫിസിലെ കംപ്യൂട്ടറില്‍ നീലച്ചിത്രങ്ങളും അശ്ലീല ഫൊട്ടോകളും കണ്ടെത്തിയെന്ന ആരോപണം ശരിയാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്നു തെരേസ മേ സര്‍ക്കാരിലെ രണ്ടാമനും ഫസ്റ്റ് സെക്രട്ടറിയുമായ ഡാമിയന്‍ ഗ്രീനിനെ പുറത്താക്കി.2008-ല്‍ നടന്ന സംഭവത്തിന്റെ പേരിലാണ് ഡാമിയന്‍ ഗ്രീനിന്റെ രാജി.ഇതുസംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍,അന്വേഷണത്തില്‍ ശരിയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണു പാര്‍ട്ടിയില്‍ തന്റെ വിശ്വസ്തനും മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയുടെ ചുമതലയുമുള്ള ഡാമിയനോടു രാജിവച്ചൊഴിയാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.രണ്ടു മാസത്തിനുള്ളില്‍ തെരേസ മേ സര്‍ക്കാരില്‍നിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ കാബിനറ്റ് മന്ത്രിയാണു ഡാമിയന്‍.
നേരത്തെ ലൈംഗികാരോപണത്തില്‍ കുടുങ്ങി മന്ത്രിസഭയിലെ മൂന്നാമനും മുതിര്‍ന്ന നേതാവുമായ മൈക്കിള്‍ ഫാലനും സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇസ്രയേല്‍ നേതാക്കളുമായി നയതന്ത്ര – വ്യാപാര ചര്‍ച്ചകള്‍ നടത്തിയതിന്റെ പേരില്‍ പ്രീതി പട്ടേലും രാജിവച്ചിരുന്നു. രണ്ടുമാസത്തിനുള്ളില്‍ മൂന്നാമത്തെ മന്ത്രികൂടി രാജിവയ്‌ക്കേണ്ടിവന്നത്തോടെ തെരേസ മന്ത്രിസഭയുടെ പ്രതിച്ഛായ നഷ്ട്ടമായ അവസ്ഥയിലാണ്.. രാജിവച്ച മൂന്നുപേരും മന്ത്രിസഭയിലെ വമ്പന്മാരാണെന്നതും അതില്‍തന്നെ രണ്ടുപേര്‍ ലൈംഗികാപവാദത്തില്‍ കുടുങ്ങിയാണു പുറത്തായതെന്നതും മന്ത്രിസഭയ്ക്ക് കൂടുതല്‍ നാണക്കേടായി.
2008ലാണു കോമണ്‍സ് ഓഫിസിലെ ഡാമിയന്റെ കംപ്യട്ടറില്‍നിന്നു നിരവധി അശ്ലീല ഫൊട്ടോകളും നീലച്ചിത്രങ്ങളു സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കണ്ടെത്തിയത്. ഇത് അദ്ദേഹം ഡൗണ്‍ലോഡ് ചെയ്തതല്ലെന്നു നിഷേധിച്ചെങ്കിലും,പിന്നീട് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമായിരുന്നില്ല. ഇതിനു പുറമേ അടുത്തകാലത്തു പത്രപ്രവര്‍ത്തകയും ടോറി പാര്‍ട്ടിയിലെ വനിതാ ആക്ടിവിസ്റ്റായ കേറ്റ് മാല്‍ട്‌ബെ എന്ന യുവതി ഡാമിയനെതിരെ ലൈംഗിക ആരോപണവും ഉന്നയിച്ചിരുന്നു.
2015ല്‍ ലണ്ടനിലെ ഒരു പബ്ബില്‍വച്ച് ഡാമിയന്‍ അവരുടെ കാലില്‍ സ്പര്‍ശിക്കുകയും സഭ്യേതരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ചു നടത്തിയ പുതിയ അന്വേഷണത്തിലാണു പഴയ വിവാദം വീണ്ടും തലപൊക്കിയത്. ഇതോട മന്ത്രിമാര്‍ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങളില്‍നിന്നുപോലും വ്യതിചലിച്ച ഡാമിയന്‍ ഗ്രിനിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതയാകുകയായിരുന്നു. 61 കാരനായ ഗ്രീന്‍ രാജിവച്ചൊഴിഞ്ഞെങ്കിലും കേറ്റിന്റെ ആരോപണങ്ങള്‍ ഇപ്പോഴും നിഷേധിക്കുകയാണ്.