നെല്‍വയല്‍ നികത്തല്‍ ഇനി ജാമ്യമില്ലാ കുറ്റം ; പക്ഷെ വന്‍കിട പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ നിയമത്തില്‍ ഇളവും
തിരുവനന്തപുരം : നിര്‍ണായകമായ ഭേദഗതികളോടെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്ക് വരുന്നു. ഇനി മുതല്‍ സംസ്ഥാനത്ത് നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകും. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ സര്‍ക്കാറിന് നേരിട്ട് പങ്കാളിത്തമുള്ള വന്‍കിട പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ പ്രാദേശികതല നിരീക്ഷണ സമിതികളുടെ അനുമതി വേണ്ട എന്നും പറയപ്പെടുന്നു. അങ്ങനെ എങ്കില്‍ വന്‍കിട പദ്ധതികള്‍ക്കുള്ള നിലം നികത്തലിന് മന്ത്രിസഭാ അനുമതി മാത്രം മതിയെന്നാണ് പുതിയ വ്യവസ്ഥയെന്നാണ് വിവരം. ഒരുവശത്ത് കര്‍ശന വ്യവസ്ഥകളും മറുവശത്ത് വന്‍കിട പദ്ധതികള്‍ക്കുള്ള നിലം നികത്തല്‍ വ്യവസ്ഥകളില്‍ വന്‍ ഇളവുകളുമാണ് പുതിയ നിയമത്തില്‍ പറയുന്നത്.
നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒന്നുകില്‍ കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ച് രക്ഷപ്പെടാം. പുതിയ ഭേദഗതിയില്‍ ഇതാകെ മാറുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കാം. തരിശ് നിലം ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതവും വേണ്ട. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കും. നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് കൊടുത്താല്‍ മതി. അതുപോലെ 2008ന് മുന്‍പ് നികത്തിയ ഭൂമി ക്രമപ്പെടുത്തല്‍ വ്യവസ്ഥകളിലും മാറ്റം വരുന്നു. വീടുവയ്‌ക്കാന്‍ 300 ചതുരശ്ര മീറ്റര്‍ വരെ നികത്തിയതിന് പിഴയടയ്‌ക്കേണ്ടതില്ല. വ്യാവസായിക ആവശ്യത്തിനാണെങ്കില്‍ പിഴയൊഴിവാക്കല്‍ പരിധി 100 ചതുരശ്ര മീറ്ററാണ്. ഇതിന് മുകളിലാണ് നികത്തിയതെങ്കില്‍ ന്യായവിലയുടെ പകുതി തുക പിഴ ഈടാക്കും. സര്‍ക്കാര്‍ പങ്കാളിത്തമുള്ള പദ്ധതികള്‍ക്ക് നിലം നികത്താന്‍ പഞ്ചായത്ത് തല സമിതിയുടെ അനുമതി വേണമെന്ന നിലവിലെ വ്യവസ്ഥയിലും ഇളവു വരുത്തും.