ട്വന്‍റി ട്വന്‍റി കിരീടവും ഇന്ത്യക്ക്
ശ്രീലങ്കയ്ക്ക് എതിരായ ട്വന്‍റി ട്വന്‍റി പരമ്പരയും സ്വന്തമാക്കി ഇന്ത്യ. ജയിക്കാന്‍ 261 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 17.2 ഓവറില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടിട്വന്റി പരമ്പരയും ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരയിലും ഇന്ത്യ വിജയിച്ചിരുന്നു. ഞായറാഴ്ച്ചയാണ് ലങ്കക്കെതിരെയുള്ള അവസാന മത്സരം.പരിക്കേറ്റ എയ്ഞ്ചലോ മാത്യൂസ് ബാറ്റിങ്ങിന് ഇറങ്ങാത്തതിനാല്‍ ലങ്കയുടെ ഒമ്പത് വിക്കറ്റില്‍ തന്നെ മത്സരം അവസാനിക്കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അതിര്‍ത്തി കടത്തി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടുകയായിരുന്നു.
അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറും ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോറുമാണിത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ 263/3 ആണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. വിന്‍ഡീസിനെതിരെ നേടിയ 244 റണ്‍സായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഏഴ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ബാറ്റിങ്ങിനെ തടയിടാനായില്ല. 21 സിക്സുകള്‍ അടിച്ചുകൂട്ടിയ ഇന്ത്യ അതിലും റെക്കോഡിട്ടു. അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സിക്സെന്ന റെക്കോഡില്‍ ഇന്ത്യ വിന്‍ഡീസിനൊപ്പമെത്തി. 35 പന്തില്‍ 101 റണ്‍സടിച്ച രോഹിത് ശര്‍മ്മയുടെ മികവില്‍ 12 ഓവര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നിരുന്നു. അന്താരാഷ്ട്ര ടിട്വന്റിയിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് ഇന്‍ഡോറില്‍ രോഹിത് പിന്നിട്ടത്. ഈ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ 35 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ മില്ലറുടെ റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയത്.