ഗുജറാത്തില്‍ വോട്ടിങ് മെഷീനുമായി പോയ ട്രക്ക് മറിഞ്ഞു; ‘മറിച്ച’താണെന്ന് ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവിപാറ്റ് വോട്ടിങ് മെഷീനുകളുമായി പോയ ട്രക്ക് മറിഞ്ഞു.100 മെഷീനുകളും വിവിപാറ്റ് റെസീപ്റ്റുകാലുമടങ്ങിയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്ത അട്ടിമറിയാണെന്നാരോപിച്ച് പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം വേണമെന്നും ഹര്‍ദിക് ആവശ്യപ്പെട്ടു.

എന്നാല്‍ അടുത്തിടെ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച മെഷീനുകളല്ല ട്രക്കിലുണ്ടായിരുന്നതെന്നും ബറൂച്ച് ജില്ലയില്‍ ഡിസംബര്‍ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍കരുതലായി കൊണ്ടുവന്ന മെഷീനുകളാണ് അവയെന്നും ബുറൂച്ച് ജില്ലാ കളക്ടര്‍ സന്ദീപ് സഗലെ വ്യക്തമാക്കി. മെഷീനുകള്‍ കേടായാല്‍ മാറ്റി നല്‍കാനായാണ് ഇവ കൊണ്ടുവന്നത്. ജംബുസാറില്‍ നിന്ന് ബറൂച്ചിലെ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ട്രക്ക് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് ട്രക്ക് ജീവനക്കാര്‍ക്ക് പരിക്കേറ്റുണ്ടെന്നും വരണാധികാരികൂടിയായ കളക്ടര്‍ പറഞ്ഞു.

ഗുജറാത്തില്‍ ബി.ജെ.പി വിജയിച്ചതിന് പിന്നാലെ വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് ട്രക്ക് മറിഞ്ഞ സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുമായി ഹര്‍ദിക് എത്തിയിരിക്കുന്നത്.