നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത്  മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന നടന്‍ ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി കോടതി ജനുവരി ഒന്‍പതിലേക്കു മാറ്റി.കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച ദിവസം പൊലീസ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കേസില്‍ പ്രതിയായ ദിലീപിന്റെ പരാതി. എന്നാല്‍ ദിലീപ് തന്നെയാണ് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.

കുറ്റപത്രം ചോര്‍ന്നതില്‍ പൊലീസിന്റെ പങ്ക് തെളിയിക്കുന്നതിനായി കുറ്റപത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ പെന്‍ഡ്രൈവ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ വാദത്തിന് കരുത്തേകാനായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് അന്വേഷണ സംഘം കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അന്വേഷണ സംഘം മനപൂര്‍വ്വം ശ്രമം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.

അതേസമയം,കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്.