മൊബൈല്‍ കള്ളനെ കുടുക്കി നടി നയന്‍താര ; സിനിമകള്‍ കാണാത്ത കള്ളന്‍ അവസാനം ജയിലിലായി

പട്ന : നടി നയന്‍താരയുടെ സൌന്ദര്യത്തില്‍ മയങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ കള്ളന്‍ അവസാനം പോലീസിന്റെ പിടിയിലായി. കള്ളനെ കുടുക്കാന്‍ നടിയെ കൂട്ട് പിടിച്ചത് വനിതാ പോലീസ് ഓഫീസറും. ബിജെപി നേതാവിന്റെ സ്മാർട്ട് ഫോൺ മോഷ്ടിക്കപ്പെട്ട കേസിലാണ് മധുബാല ദേവിയെന്ന സബ്ഇൻസ്പെക്ടർ നടി നയൻതാരയുടെ സൗന്ദര്യം തുറുപ്പിചീട്ടാക്കി കള്ളന് വലവിരിച്ചത്. നയൻതാരയുടെ ഫോട്ടോകള്‍ കള്ളന് അയച്ചു കൊടുത്ത് പരിചയത്തിലായി ഒടുവിൽ കള്ളനെ കുടുക്കുകയായിരുന്നു ഇവർ. ബി ജെ പി നേതാവായ സഞ്ജയ് കുമാര്‍ മഹാതോയുടെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിച്ച കള്ളനായ മൊഹമ്മദ് ഹൊസ്‌നെയിനെയാണ് മധുബാല കുടുക്കിയത്. കോള്‍ ഡീറ്റയില്‍ റെക്കോഡ് പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ഇപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി. എന്ന മോഷ്ടാവിനെ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാൾ സമര്‍ഥമായി രക്ഷപ്പെട്ടു.

അവസാനം പുതിയ ഒരു അടവുമായി പോലീസ് രംഗത്ത് വന്നു. താന്‍ ആരാണ് എന്ന് കാണിക്കാതെ മറ്റൊരു പെണ്‍കുട്ടിയായി പ്രണയം നടിച്ച് മധുബാല മൊഹമ്മദിനെ വിളിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ താത്പര്യം കാണിച്ചില്ലെങ്കിലും ക്രമേണ കള്ളന്‍ മധുബാലയുടെ കെണിയില്‍ വീണു. തുടര്‍ന്ന് മധുബാലയോട് അവരുടെ ഒരു ചിത്രം അയച്ചുകൊടുക്കാന്‍ മൊഹമ്മദ് ആവശ്യപ്പെട്ടു. അങ്ങിനെയാണ് നടി നയന്‍താരയുടെ ചിത്രം അവർ വാട്ട്‌സ് ആപ്പിന്റെ പ്രൊഫൈല്‍ പിക് ആക്കുന്നത്. നയന്‍താര ആരാണ് എന്ന് അറിയാത്ത കള്ളന്‍ തന്നെ വിളിക്കുന്ന പെണ്‍കുട്ടിയാണ് എന്ന് കരുതി അവസാനം നേരില്‍ കാണണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ദര്‍ഭാംഗ നഗരത്തില്‍ ഒരിടത്ത് വച്ച് കാണാമെന്ന് മൊഹമ്മദ് മധുബാലയ്ക്ക് വാക്കു നല്‍കുകയും ചെയ്തു.

അങ്ങനെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് കാമുകിയെ കാണാനെത്തിയ മൊഹമ്മദിനെ സിവിലിയന്‍ വേഷത്തിലെത്തിയ പോലീസുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ആളെ മനസ്സിലാക്കാതിരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് മധുബാല സംഭവ സ്ഥലത്ത് എത്തിയത്. എന്നാല്‍ ഇയാള്‍ അല്ല ഫോണ്‍ മോഷ്ട്ടിച്ചത് എന്ന് പോലീസ് പറയുന്നു. കള്ളന്റെ കയ്യില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഇയാള്‍ ഫോണ്‍ വാങ്ങുകയായിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ വെച്ച് യതാര്‍ത്ഥ മൊബൈല്‍ കള്ളനെ പോലീസ് കുടുക്കുകയും ചെയ്തു.