മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഹിമാചലിലെ ബിജെപിയില്‍ ഭിന്നത രൂക്ഷം
ഷിംല:മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഹിമാചല്‍ പ്രദേശിലെ ബി.ജെ.പിയില്‍ ഭിന്നത.മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ മുഖ്യമന്ത്രിയാവണമെന്ന ആവശ്യവുമായി ഒരു വിഭാഗവും,ധുമാലിന് പകരം എം.എല്‍.എ ജയ്റാം ടാക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇക്കാര്യം കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അടക്കമുള്ളവര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. ഹിമാചലിലാണുള്ളത്.ഷിംലയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ,സ്വന്തം നേതാക്കള്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വരികയായിരുന്നു. ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തി പോവുന്നതിനിടെയാണ് കേന്ദ്ര നേതാക്കളുടെ വാഹനങ്ങള്‍ക്ക് ചുറ്റും കൂടി പ്രവര്‍ത്തകര്‍ പ്രേംകുമാര്‍ ധുമലിലും ജയ്റാം ടാക്കൂറിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചത്.
ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങള്‍ മറ്റ് മുതിര്‍ന്ന നേതാക്കളെ അറിയിച്ച ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ എം.എല്‍.എമാരുമായി ഇനി ചര്‍ച്ചയുണ്ടാവില്ലെന്നാണ് സൂചന.