കാലിത്തീറ്റ കുംഭകോണം:ലാലു പ്രസാദ് കുറ്റക്കാരനെന്ന് കോടതി;ശിക്ഷ ജനുവരി മൂന്നിന് വിധിക്കും
പാറ്റ്‌ന:കാലിത്തീറ്റ അഴിമതിക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി. റാഞ്ചി പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. കാലിതീറ്റ കുംഭകോണകവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി വന്നിരിക്കുന്നത്. ജനുവരി മുന്നിന് ശിക്ഷ വിധിക്കും. അതേസമയം ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ വെറുതെവിട്ടു. ഡിസംബര്‍ 13 ന് കോടതി കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.
1991 മുതല്‍ 94 വരെയുള്ള കാലത്താണ് കാലിത്തീറ്റ കുംഭകോണം നടന്നത്. അഴിമതിയെ തുടര്‍ന്ന് സംസ്ഥാന ഖജനാവിന് 89.27 കോടി നഷ്ടമുണ്ടായെന്നാണ് കേസ്.ഇതുള്‍പ്പടെ ലാലുപ്രസാദ് യാദവിനെതിരെ മൂന്നു കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒരുകേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.
ഒരുകേസില്‍ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് 2013 ഒക്ടോബറില്‍ കോടതി വിധിച്ചിരുന്നു. അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ പോയെങ്കിലും പിന്നീട് രണ്ടുമാസത്തിന് ശേഷം സുപ്രീംകോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങി.കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ലാലുപ്രസാദിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് വിവരം.