ചെറിയ ‘വട’ കൊടുത്ത് വലിയ ‘വട’ വാങ്ങിയ ചെന്നൈയോട്;അടിച്ചാല്‍ തിരിച്ചടിച്ചിട്ടേ പോകു എന്ന് പറയാന്‍ പറഞ്ഞു-ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലില്‍ ചെന്നൈയോട് മത്സരിക്കുമ്പോള്‍ കേരളത്തിന് ഒരു പ്രേത്യേക ആവേശമാണ്.അയല്‍ക്കാരാണെങ്കിലും ആ സ്‌നേഹമൊന്നും ഇരു കൂട്ടരും കാട്ടാറില്ല.അതുകൊണ്ട് തന്നെ മത്സരം കാണികള്‍ക്ക് എപ്പോഴും ആവേശമാണ് നല്‍കുക. ഇന്നലത്തെ മത്സരവും അങ്ങനെത്തന്നെയായിരുന്നു. അവസാന നിമിഷം വരെ ആവേശം അണപൊട്ടിയൊഴുകിയ മത്സരം.

പരസ്പരം ബഹുമാനിച്ചുള്ള ആദ്യ പകുതി ഇരുവരും ഒപ്പത്തിനൊപ്പം പൊരുതി.പക്ഷെ മത്സരത്തിലെ ഏറ്റവും മികച്ച അവസരം ബ്ലാസ്റ്റേഴ്‌സിനാണ് ലഭിച്ചത്.എന്നാലത് മുതലാക്കാന്‍ ഇന്ത്യന്‍ താരം ജാക്കിചന്ദ് സിങ്ങിന് കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ കേരളം കുറച്ചുകൂടി അദ്ധ്വാനിച്ചു കളിച്ചു.പക്ഷെ റഫറി വരുത്തിയ ഒരു പിഴവ്.ചെറുതല്ലാത്തതൊരു പിഴവ്.അത് ഒരു പെനാല്‍റ്റിയിലേക്ക് നീങ്ങുന്നു പെനാല്‍റ്റി മുതലാക്കി ചെന്നൈയ് ലീഡെടുത്തു.മത്സരത്തിന്റെ 89-ആം മിനിറ്റിലായിരുന്നു അത്.സമനില ഉറപ്പിച്ചൊരു കളി കൈവിട്ടുപോകുന്നത് നിരാശയോടെ നോക്കിനില്‍ക്കുന്ന കോച്ച്. നിരാശരായി ബ്ലാസ്റ്റേഴ്സിന്റെ സൈഡ് ബഞ്ച്.ബ്ലാസ്റ്റേഴ്സിന് മാത്രം അവകാശപ്പെടാവുന്ന മഞ്ഞപ്പട എന്ന ആരാധക കൂട്ടം, റഫറി ചതിച്ചാശാനേ എന്ന് ആക്രോശിച്ചുകൊണ്ട് തലയില്‍ കൈവച്ച നിമിഷം.

മറുപടി കൊടുക്കാന്‍ ശേഷിച്ചിക്കുന്നത് ഇഞ്ചുറി ടൈമില്‍ അധികരിച്ച് കിട്ടിയ അഞ്ചേ അഞ്ച് മിനിറ്റ് മാത്രം ബാക്കി.പക്ഷെ എതിരാളികള്‍ ചെന്നൈ ആകുമ്പോള്‍ മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതാറുള്ള ബ്ലാസ്റ്റേഴ്സിന്റെ ആ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് അതിനു കൊടുക്കണം കൈയ്യടി.അപ്പഴും ഗോളിന് വേണ്ടി ആര്‍ത്തിരമ്പുന്ന മഞ്ഞപ്പടയുടെ ആരാധക കൂട്ടം കളിക്കാരുടെ ഞരമ്പുകളില്‍ ആവേശതീപ്പൊരി പകര്‍ന്നപ്പോള്‍ ഒന്നടങ്കം ആഞ്ഞടിക്കുകതന്നെ ചെയ്തു ബ്ലാസ്റ്റേഴ്സ്.

ഗോളിലേക്ക് പാഞ്ഞ പന്തിനെ നെഞ്ചു കൊണ്ട് വീണുകിടന്ന ചെറുത്ത ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന് നേര്‍ക്ക് മഞ്ഞകാര്‍ഡ് കൊടുത്ത് റഫറി വിധിച്ചത് പെനാല്‍ട്ടി സ്‌പോട്ടിലേക്ക്.അവസരം മുതലാക്കി ഗോള്‍ സ്‌കോര്‍ ചെയ്ത് കേരളത്തിന് പന്ത് പോലും നല്‍കാതെ ശേഷിക്കുന്ന സമയം നീട്ടിക്കൊണ്ടുപോകാന്‍ ചെന്നൈയിന്‍ താരങ്ങള്‍ നെഗറ്റീവ് ഫുട്ബോള്‍ കളിച്ച നിമിഷങ്ങള്‍. ഫുടബോളിന്റെ അവസാന നിമിഷം ഇത് പതിവാണെങ്കിലും ബ്ലാസ്റ്റേഴ്സിന് കാര്യം മനസിലായി.തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മറുപടി ഗോളടിക്കുമെന്ന് ചെന്നായ് ഭയക്കുന്നു എന്ന്. പിന്നെ കണ്ടത് ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തീര്‍ക്കാന്‍ തോന്നും.മത്സരം 94 ാം മിനിറ്റിലേക്ക് കടക്കുന്നു. റാഞ്ചിയെടുത്ത പന്തുമായി കേരള പ്രതിരോധനിര ചെന്നൈയിന്റെ ബോക്സിലേക്ക് നീങ്ങുന്നു. ഇഞ്ചുറി ടൈം അവസാനിക്കുന്നു. റഫറി വിസില്‍ ഊതാന്‍ ഒരുങ്ങുന്ന സമയം.

പെനാല്‍റ്റി ബോക്സിന് പുറത്ത് വലതുപാര്‍ശ്വത്തിലേക്ക് നീട്ടിനല്‍കിയ പന്തിനായി പാഞ്ഞടുത്ത ജിങ്കന്‍ ഡൈവ് ചെയ്ത് പന്ത് ബോകിസലേക്ക് നിലംപറ്റി മറിച്ചുനല്‍കുന്നു. സിഫിനിയോസും വിനീതും ബോക്സിലേക്ക് പാഞ്ഞുവരുന്നു. ബോക്സിലേക്ക് ഓടിയെത്തിയ വിനീതിന്റെ പൊസിഷന്‍ കിറുകൃത്യം. മാര്‍ക്ക് ചെയ്യാന്‍ ആളില്ലാതിരുന്ന വിനീതിന്റെ കാലിലേക്ക് ജിങ്കന്റെ ക്രോസ് വരുമ്പോള്‍ അതിനെ ഗോള്‍ പോസ്റ്റിലേക്കാണാടിച്ചു കയറ്റിയതെങ്കിലും കൊണ്ടത് മത്സരം നിയന്ത്രിച്ച റഫറിയുടെ ചെകിട്ടതാകണം.
എന്താണ് സംഭവിച്ചതെന്ന് ചെന്നൈയിന്‍ താരങ്ങള്‍ ഓര്‍മ്മിച്ചെടുക്കും മുമ്പ് റഫറി കളി അവസാനിപ്പിച്ചു.

റഫറിയുടെ തെറ്റായ വിധി എന്ന നിര്‍ഭാഗ്യത്തിന് ഭാഗ്യത്തിന്റെ ആനുകൂല്യമില്ലാതെയാണ് കേരളം തിരിച്ചടി നല്‍കിയത്. ജിങ്കനെ അനവാശ്യമായി ശിക്ഷിച്ചതിന് ജിങ്കന് തന്നെ അളന്നുമുറിച്ചൊരു ക്രോസ് നല്‍കാന്‍ സൃഷ് ടിക്കപ്പെട്ട നിമിഷം. മലയാളത്തിന്റെ അഭിമാനമായ വിനീതിന്റെ ഗോള്‍.ചുരുക്കം പറഞ്ഞാല്‍ ചെറിയ വട കൊടുത്ത് ചെന്നൈ വലിയ വാടാ വാങ്ങി അത്ര തന്നെ.

ഗോള്‍രഹിതസമനിലയില്‍ അവസാനിക്കേണ്ട ഒരു മത്സരത്തെ ആഹ്ലാദത്തിന്റെയും ആശങ്കയുടേയും ആശ്വാസത്തിന്റെയും നിമിഷങ്ങളിലേക്ക് തള്ളിവിട്ടത് റഫറിയുടെ ആ അനാവശ്യവിധിയായിരുന്നു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഗോളുകള്‍ പിറക്കാതെ വഴിയില്ലല്ലോ. ഓരോ പോയിന്റുമായി ചെന്നൈയിനും കേരള ബ്ലാസ്റ്റേഴ്സും പിരിയുമ്പോള്‍ എക്കാലവും ഈ കളി ഓര്‍മ്മിക്കപ്പെടുക ആ അവസാന അഞ്ച് മിനിറ്റിലൂടെയായിരിക്കും.