ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ പെനാല്‍റ്റി അനുവദിച്ച റഫറിയുടെ എഫ്ബി പേജില്‍ പൊങ്കാലയിട്ട് ആരാധകര്‍
ചെന്നൈയ്ന്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ റഫറിയില്‍ നിന്നുണ്ടായ ആ പെനാല്‍റ്റി പിഴവിനെ പഴിക്കാത്ത മലയാളികളില്ല.അതുവരെ കേരളത്തിന് വേണ്ടി ആര്‍ത്തിരമ്പി നിന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെല്ലാം തലയില്‍ കൈ വെച്ച് പോയ നിമിഷം.ഒരു ഫൗളുപോലുമല്ലാതിരുന്ന ആ സംഭവത്തെ പെനാല്‍റ്റി വിധിക്കാനുള്ള വകുപ്പില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. എന്നിട്ടും റഫറി ജിങ്കന് നേരെ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ഒപ്പം പെനാല്‍റ്റിയിലേക്ക് കൈ ചൂണ്ടുകയും ചെയ്തു.
മത്സരം അവസാനിച്ചയുടനെ ആ റഫറി ആരാണെന്ന് അന്വേഷിക്കുകയാണ് പിന്നീട് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ചെയ്തത്.ആളെ കണ്ടെത്തിയയുടന്‍ ഫെയ്സ്ബുക്ക് പേജില്‍ പോയി പൊങ്കാലയിടല്‍ തുടങ്ങി മലയാളി. പ്രഞ്ജല്‍ ബാനര്‍ജിയായിരുന്നു ആ നിര്‍ഭാഗ്യവാന്‍. ആള് ചില്ലറക്കാരനൊന്നുമല്ല, കഴിഞ്ഞ വര്‍ഷം ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ മികച്ച റഫറിയായിരുന്നു. കൂടാതെ ഐ-ലീഗില്‍ നിരവധി മത്സരങ്ങളില്‍ റഫറിയായതിന്റെ പരിചയസമ്പത്തുമുണ്ട്.
പ്രഞ്ജാലിന്റെ ഫെയ്സ്ബുക്ക് പേജില്‍ പോയാണ് മഞ്ഞപ്പട ദേഷ്യം തീര്‍ത്തത്. ടൈംലൈനിലെ ചിത്രങ്ങള്‍ക്ക് താഴെയെല്ലാം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അസഭ്യവര്‍ഷമാണ്. കൊച്ചിയില്‍ വരുമ്പോള്‍ എടുത്തോളാമെന്ന ഭീഷണിസ്വരവും അതിലുണ്ട്.