സിപിഎം കൊലചെയ്യുന്നത് കണ്ടിട്ടും ഗവര്‍ണര്‍ മൗനം പാലിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം:രാഷ്ട്രീയ കൊലപാതകങ്ങള്‍ രാജ്യവ്യാപക ചര്‍ച്ചയാവുന്നതിനാല്‍ സംസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം കൊല ചെയ്യുന്നുവെന്ന പുതിയ വാദവുമായി ബി.ജെ.പി. അക്രമസംഭവങ്ങളില്‍ കണ്മുന്നില്‍ നടന്നിട്ടും ഗവര്‍ണര്‍ കാഴ്ച്ചക്കാരനായി നില്‍ക്കുന്നത് കുറ്റകരമാണെന്നും, ഈ രീതി തുടര്‍ന്നാല്‍ കേന്ദ്ര ഇടപെടല്‍ തേടുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ രാജേഷ് വധത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നേരിട്ട് വിളിപ്പിച്ച ഗവര്‍ണറുടെ നടപടി തങ്ങളുടെ സമ്മര്‍ദ ഫലമായിരുന്നുവെന്നവകാശപ്പെട്ടാണ് പുതിയ സംഭവങ്ങളില്‍ ഗവര്‍ണര്‍ക്ക് നേരെ ബി.ജെ.പി വിരല്‍ ചൂണ്ടുന്നത്.ഇത്തരം ഇടപെടലുകള്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും തുടര്‍ന്നുണ്ടാകുന്നില്ലെന്നാണ് ബി.ജെ.പിയുടെ പരാതി. കണ്ണൂരില്‍ കൂത്തുപറമ്പ്, പാനൂര്‍ മേഖലകളില്‍ ദിവസങ്ങളോളം നീണ്ട സംഘര്‍ഷത്തിന് പുറമെ കഴിഞ്ഞ ദിവസം മാലൂരിലും കതിരൂരിലുമായി 6 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം വെട്ടേറ്റിരുന്നു. ഇതാണ് ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കാന്‍ ഇപ്പോള്‍ ബി.ജെ.പി ആയുധമാക്കുന്നത്. ഒപ്പം കേന്ദ്ര ഇടപെടലാവശ്യപ്പെടുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം.

കണ്ണൂരില്‍ മെയ് മാസത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിന് ശേഷം കൊലപാതകങ്ങളുണ്ടായിട്ടില്ല. എന്നാല്‍ ഇരുവിഭാഗവുമുള്‍പ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് ഒട്ടും കുറവില്ലെന്നതാണ് വസ്തുത. കൊല്ലുന്നത് ഒഴിവാക്കി സി.പി.എം കൊല്ലാക്കൊല ചെയ്യുകയാണെന്ന ബിജെപിയുടെ വാദം ചെറു സംഘര്‍ഷങ്ങള്‍ കൂടി ചര്‍ച്ചയാക്കാനുള്ള നീക്കമാണ്.