പാക്കിസ്ഥാന്‍ പോലീസിന്‍റെ ക്രിമിനല്‍ ലിസ്റ്റില്‍ സുരാജും , ജഗതിയും , സലിം കുമാറും ; അഞ്ചു മാസമായി പോലീസിന്റെ സൈറ്റ് കൈകാര്യം ചെയ്തത് മലയാളികള്‍

തൊടുന്നതിനും പിടിക്കുന്നതിനും ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക്കിസ്ഥാന്‍ എന്നാല്‍ നമ്മള്‍ മലയാളികളുടെ മുന്‍പില്‍ പോലും പിടിച്ചു നില്‍ക്കാന്‍ ആരോഗ്യം ഇല്ലാത്തവര്‍ ആണ് എന്നതാണ് സത്യം. തങ്ങളുടെ വെബ്‌സൈറ്റ് മലയാളികള്‍ ഹാക്ക് ചെയ്ത കാര്യം കഴിഞ്ഞ അഞ്ചുമാസമായിട്ടും കറാച്ചി പോലീസ് അറിഞ്ഞത് പോലുമില്ല. അവസാനം പാകിസ്താനിലെ പ്രമുഖ മാധ്യമങ്ങള്‍ ഡോണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് കറാച്ചി പോലീസ് വിവരമറിയുന്നത് തന്നെ. കഴിഞ്ഞ ഓഗസ്റ്റ് 14 ന് പാക് സ്വാതന്ത്ര്യദിനത്തില്‍ മലയാളി ഹാക്കിങ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത കൂട്ടത്തിലാണ് കറാച്ചി പോലീസിന്റെ വെബ്‌സൈറ്റും ആക്രമിക്കപ്പെട്ടത്. രസം അതല്ല പത്രങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷമാണ് ഹാക്കിങ് നടന്ന കാര്യം പാക് ഇന്റലിജന്‍സുപോലും അറിയുന്നത്.

അതുമല്ല കറാച്ചി പോലീസിന്റെ ക്രമിനല്‍ ലിസ്റ്റ് താറുമാറാക്കിയ ഹാക്കര്‍മാര്‍ മലയാള സിനിമയിലെ വിവിധ കഥാപാത്രങ്ങളെ കുറ്റവാളികള്‍ക്ക് പകരം നിറച്ചുവെക്കുകയും ചെയ്തു. സിഐഡി മൂസയിലെ സലീം കുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിങ്‌സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കറാച്ചി പോലീസ് ക്രിമിനല്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്.