ഓഖി: ഡിഎന്‍എ ടെസ്റ്റ് വഴി മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളിലുമായി സൂക്ഷിച്ചിരുന്ന മൂന്നു മൃതദേഹങ്ങളാണ് ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞത്.
മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച കന്യാകുമാരി വിളവന്‍കോട് ചിന്നത്തുറ ജൂഡ് കോളനിയിലെ ക്ലീറ്റസ് (53), ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ച തമിഴ്‌നാട് അഗസ്തീശ്വരം കോവില്‍ സ്ട്രീറ്റ് സ്വദേശി മൈക്കിള്‍ അമീന്‍ (37), ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച പൂവാര്‍ വാറുവിളത്തോപ്പ് സ്വദേശി പനിദാസന്‍ (63) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും.
മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്നു മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ ഒരു മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും രണ്ട് മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു. ഇതുവരെ 19 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു.