ക്രിസ്മസ് ഗിഫ്റ്റായി തോക്കും; ടെക്സാസില്‍ തോക്ക് വില്‍പന പൊടിപൊടിക്കുന്നു

പി. പി. ചെറിയാന്‍

ഫാര്‍മേഴ്സ് ബ്രാഞ്ച് (ഡാലസ്): ക്രിസ്മസ് സമ്മാനമായി നല്‍കുന്നതില്‍ ഒരു നവാഗതന്‍ കൂടി. ടെക്സസില്‍ ക്രിസ്മസ് ഗിഫ്റ്റായി കൊടുക്കുന്നതില്‍ തോക്കിന്റെ പ്രാധാന്യം ഈ വര്‍ഷം വര്‍ധിച്ചതായി ഫയര്‍ ആം സ്റ്റോര്‍ ഉടമ ഡേവിഡ് പ്രിന്‍സ് പറഞ്ഞു.

ഗണ്‍ കൈവശമുള്ളവര്‍ പഴയത് വിറ്റ് പുതിയത് വാങ്ങുന്നതും വര്‍ധിച്ചിട്ടുണ്ടെന്ന് ഈഗിള്‍ ഗണ്‍ റേഞ്ച് ഉടമസ്ഥന്‍ പറഞ്ഞു. ലൂയിസ് വില്ല, ഫാര്‍മേഴ്സ് ബ്രാഞ്ച് തുടങ്ങിയ സ്റ്റോറുകളില്‍ ക്രിസ്മസ് സീസണ്‍ ആരംഭിച്ചതോടെ ഒരു ഡസന്‍ തോക്കുകളെങ്കിലും ദിവസവും വില്ക്കുന്നുണ്ട്. ടെക്സസിലെ ചില പ്രധാന ഗണ്‍ സ്റ്റോറുകളില്‍ നൂറു വരെ തോക്കുകളാണ് ദിവസവും വില്‍ക്കുന്നുണ്ടെന്നും പ്രിന്‍സ് കൂട്ടിച്ചേര്‍ത്തു. തോക്കുവാങ്ങുവാന്‍ എത്തുന്നവരുടെ ബാക്ക് ഗ്രൗണ്ട് ചെക്ക് കര്‍ശനമാക്കിയത് വില്‍പനയെ ഒരു പരിധിവരെ ബാധിച്ചിട്ടുണ്ട്.

രാജ്യത്ത് ഗണ്‍ വയലന്‍സും ഭീകരാക്രമണങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വയം സംരക്ഷണത്തിനുവേണ്ടിയാണ് തോക്കുകള്‍ വാങ്ങി സൂക്ഷിക്കുന്നതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ തന്നെ ദൂഷ്യവശങ്ങള്‍ കൂടുതലാണെന്ന് വാദിക്കുന്നവരും അനവധിയാണ്. ഏറ്റവും അഭിമാനകരമായ ക്രിസ്മസ് ഗിഫ്റ്റാണ് തോക്കെന്ന് ഗണ്‍ സ്റ്റോര്‍ ഉടമ അവകാശപ്പെട്ടു.