അതിര്‍ത്തിയില്‍ പാക് പ്രകോപനം ; കനത്ത വെടിവെപ്പ് തുടരുന്നു

ഇന്ത്യന്‍ അതിര്‍ത്തിയില്‍ കനത്ത വെടിവെപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിന് തുടര്‍ച്ച എന്നോണം ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ശേഷം വെടിവയ്പ്പും ഷെല്‍ ആക്രമണവും ആരംഭിക്കുകയായിരുന്നു. പുഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപമാണ്‌ വെടിവയ്പ്പുണ്ടായത്. ഇപ്പോഴും വെടിവയ്പ്പു തുടരുകയാണ്. ഷാപുര്‍ മേഖലയിലെ ഇന്ത്യന്‍ താവളങ്ങള്‍ക്കു നേരെ മോര്‍ട്ടാര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് പാക് സൈന്യം പ്രയോഗിച്ചതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്ക് പട്ടാളം ഇന്നലെ നടത്തിയ വെടിവെപ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്നും നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്.