ജി ഡി പി കണക്കുകള്‍ വ്യാജം ; കേന്ദ്രസര്‍ക്കാരിന് എതിരെ സുബ്രഹ്മണ്യ സ്വാമി

നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാര്‍ പുറത്തിറക്കിയ സാമ്പത്തിക കണക്കുകള്‍ തെറ്റാണ് എന്ന ആരോപണവുമായി ബി ജെ പി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യ സ്വാമി. നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ല എന്ന കണക്കുകള്‍ വ്യാജമാണെന്നാണ് അദ്ധേഹം പറഞ്ഞത്. നോട്ട് അസാധുവാക്കല്‍ ജിഡിപിയെ ബാധിച്ചില്ലെന്ന രീതിയിലുള്ള കണക്കുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തി. അഹമ്മദാബാദില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്ന സമയമാണ് സ്വാമി കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷമായ ഭാഷയില്‍ പരാമര്‍ശം നടത്തിയത്. ജിഡിപിയുടെ ത്രൈമാസ ഡേറ്റകള്‍ വിശ്വസിക്കരുതെന്നും അവയെല്ലാം കള്ളമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. എന്റെ പിതാവാണ് സ്റ്റാറ്റിറ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ സ്ഥാപകന്‍.

അടുത്തിടെ മന്ത്രി സദാനന്ദ ഗൗഡയ്‌ക്കൊപ്പം ഞാന്‍ അവിടെ പോയിരുന്നു. അവിടെ അദ്ദേഹം സിഎസ്ഒയുടെ ചുമതലയുള്ള ആളെ വിളിച്ചുവരുത്തി. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച വിവരങ്ങളില്‍ കൃത്രിമം കാട്ടാന്‍ സമ്മര്‍ദം ചെലുത്താനായിരുന്നു ഇത്. അതിലാണ് ജിഡിപിയില്‍ നോട്ട് അസാധുവാക്കലിന്റെ പ്രതിഫലനം ഉണ്ടാകുന്നില്ലെന്ന് അവര്‍ പറയുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. അതുപോലെ വിദേശ റേറ്റിങ് ഏജന്‍സികളായ മൂഡീസിന്റെയും ഫിച്ചിന്റെയും റിപ്പോര്‍ട്ട് വിശ്വസിക്കരുതെന്നും പണം നല്‍കിയാല്‍ നമുക്ക് വേണ്ട റിപ്പോര്‍ട്ടുകള്‍ അവര്‍ പുറത്തിറക്കുമെന്നും സ്വാമി പറയുന്നു. മാത്രവുമല്ല ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമാണെന്നും അദ്ദേഹം ആരോപിച്ചു. നോട്ട് നിരോധനം ദോഷകരമായ ഒന്നാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട് എങ്കിലും തല മുതിര്‍ന്ന ഒരു ബി ജെ പി നേതാവ് തന്നെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേന്ദ്രസര്‍ക്കാരിന് ദോഷകരം തന്നെയാണ്.