ജയലളിതയുടെ ഭൂരിപക്ഷം മറികടന്ന് ആര്‍ കെ നഗറില്‍ ടിടിവി ദിനകരന് മിന്നുന്ന ജയം

ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥി ടിടിവി ദിനകരന് മിന്നുന്ന വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിനകരൻ വിജയിച്ചത്. എഐഎഡിഎംകെയുടെ സ്ഥാനാർത്ഥി ഇ മധുസൂദനനാണ് രണ്ടാംസ്ഥാനത്ത്. 2016 ലെ ജയലളിതയുടെ ഭൂരിപക്ഷം ദിനകരൻ മറികടന്നു. തമിഴ് രാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ആർകെ നഗറിൽ നടന്നത്. ആദ്യ ഫലസൂചനകൾ തന്നെ സ്വതന്ത്രനായി മൽസരിച്ച ടിടിവി ദിനകരന് അനുകൂലമായിരുന്നു. ആദ്യ ഘട്ടത്തിൽ വ്യക്തമായ ലീഡോടെയായിരുന്നു ദിനകരൻ മുന്നേറിയത്. ഡിഎംകെക്ക് കെട്ടിയവച്ച കാശ് നഷ്ടമായി. കഴിഞ്ഞ തവണ ജയലളിത നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷമാണ് ദിനകരന് ലഭിച്ചത്. എഐഎഡിഎംകെക്ക് ലഭിച്ചത് 48,306 വോട്ടുകളാണ്. ഡിഎംകെയ്ക്ക് 24581 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കെട്ടിവെച്ച കാശു നഷ്ടപ്പെടാതിരിക്കാന്‍ 29,512 വോട്ടുകള്‍ നേടേണ്ടിയിരുന്നു. അതേസമയം എഐഎഡിഎംകെയെ തോല്‍പ്പിക്കാന്‍ ഡിഎകെ ദിനകരന്‍ വോട്ട് മറിച്ചതാണെന്ന ആരോപണമുണ്ട്.

അതേസമയം ചിഹ്നവും പാര്‍ട്ടിയുമല്ല, ജനങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്‍ കെ നഗറിലേത്. മൂന്ന് മാസത്തിനുള്ളില്‍ എടപ്പാടി കെ.പളനിസാമി-ഒ പനീര്‍ശെല്‍വം മന്ത്രിസഭ താഴെ വീഴും. തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സാണ് ജനവിധിയില്‍ നിന്നും വ്യക്തമാവുന്നതെന്നും ദിനകരന്‍ പറഞ്ഞു. വിജയം ടിടിവിക്കൊപ്പമാണെന്ന് കണ്ടതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാന്‍ വരെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഏറെ നേരം വോട്ടെണ്ണല്‍ തടസ്സപ്പെടുത്തിയെങ്കിലും പിന്നിട് പുനരാരംഭിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാതായതോടെ രണ്ടില ചിഹ്നത്തിന് പകരം പ്രഷര്‍കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. യഥാര്‍ഥ പാര്‍ട്ടി തങ്ങളാണെന്ന് വാദിച്ചായിരുന്നു എഐഎഡിഎംകെ ചിഹ്നവും പാര്‍ട്ടിയും സ്വന്തമാക്കിയത്. എക്സിറ്റ് പോൾ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ദിനകര പക്ഷം വിജയം കൊയ്യുമോ എന്ന ആകാംക്ഷയിലാരുന്നു മുന്നണികൾ.

ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതായിരുന്നു തിരഞ്ഞെടുപ്പ്. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തിയത് പാര്‍ട്ടി പിളരാൻ കാരണമായി. ദിനകര പക്ഷം പോലും ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം. എക്‌സിറ്റ് പോള്‍ പ്രവചനം ദിനകരനെ പിന്തുണയ്ക്കുന്നതായിരുന്നു. എന്നാല്‍ 37 ശതമാനം മാത്രമാണ് ദിനകരന്‍ നേടുന്ന വോട്ടെന്നായിരുന്നു എക്‌സിറ്റ് പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 50 ശതമാനത്തിലേറെ വോട്ടുകളാണ് ഇപ്പോള്‍ ദിനകരന് ലഭിച്ചിരിക്കുന്നത്.